കണ്ണില്‍ കമ്പികയറ്റിയശേഷം കാഴ്ച നഷ്ടപ്പെടുത്തും; കോഴിക്കോട് ദേശാടന പക്ഷികളെ ക്രൂരമായി കൊന്നു തിന്നുന്ന മൂവര്‍ സംഘം പിടിയില്‍


കോഴിക്കോട്: ദേശാടന പക്ഷികളെ അതിക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേര്‍ കോഴിക്കോട് പിടിയില്‍. പന്നിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മണികണ്ഠന്‍, രാജേഷ്, രവി എന്നിവരെണ് പിടിയിലായത്.

സംഘത്തിലെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ആക്രി കച്ചവടവവുമായി എത്തിയതാണ് ഇവര്‍. നാട്ടുകാരാണ് മൂന്ന് പേരെയും പിടികൂടിയത്. പൊലീസ് ഇവരെ വനം വകുപ്പിന് കൈമാറി.

പ്രാവ്, കൊക്ക് ഉള്‍പ്പെടെയുള്ള പക്ഷികളാണ് വേട്ടയാടിയിരുന്നത്. പക്ഷികളുടെ കണ്ണില്‍ കമ്പിയോ മൊട്ടുസൂചിയോ കുത്തിക്കയറ്റിയ ശേഷം കാഴ്ച് നഷ്ടപ്പെടുത്തി അവയുടെ കാല്‍ കയറില്‍ ബന്ധിപ്പിച്ചിടും. ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികള്‍ എത്തുകയും അവയെ കൂട്ടമായി പിടികൂടുകയുമായിരുന്നു ചെയ്തിരുന്നത്. ഇവയെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി കൊണ്ടുപോവുകയോ ആണ് ഇവര്‍ ചെയ്തിരുന്നത്.