ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഭിന്നശേഷി, വയോജന വോട്ടര്‍മാര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് കഴിഞ്ഞവര്‍ക്കും വിപുലമായ സൗകര്യങ്ങളൊരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

ഇവര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിന് സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യപടിയായി 12 ഡി ഫോറത്തിലുള്ള അപേക്ഷ ഇവരില്‍ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് 40 ശതമാനം ഭിന്നശേഷിത്വമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്താല്‍ മാത്രമേ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി ലഭിക്കൂ. അതുകൊണ്ടു തന്നെ അര്‍ഹതയില്ലാത്തവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഉപയോഗപ്പെടുത്താനാവില്ല.

പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടില്ലാത്ത ഭിന്നശേഷിക്കാരെയും 85 വയസ്സ് കഴിഞ്ഞവരെയും ബൂത്തുകളിലെത്തിക്കാനും അവര്‍ക്ക് സൗകര്യപൂര്‍വം വോട്ട് രേഖപ്പെടുത്തുന്നതിനുമായി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിംഗ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എല്ലായിടങ്ങളിലും വീല്‍ ചെയറുകള്‍ ഒരുക്കും. പ്രത്യേക റാംപ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി പ്രത്യേക ക്യൂ ഉണ്ടാകും. ഇവരുടെ സഹായത്തിനായി ഒരോ പോളിംഗ് ബൂത്തിലും രണ്ട് എന്‍.എസ്.എസ് വളണ്ടിയര്‍മാരെയും ഏര്‍പ്പാടാക്കും. എന്‍ജിഒകള്‍, പാലിയേറ്റീവ്, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെയാണ് വീല്‍ ചെയറുകള്‍ ഒരുക്കുന്നത്. കേള്‍വി പ്രശ്നങ്ങളുള്ളവര്‍ക്കായി പ്രത്യേക ആംഗ്യഭാഷാ പോസ്റ്റുറുകളും ഉണ്ടാകും.