ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്, ബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം, മാഹിയില്‍ മുഴുവന്‍ ബൂത്തുകളും നിയന്ത്രിച്ച് വനിതകള്‍


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. വൈകുന്നേരം മൂന്നുമണിവരെ 49.78% ആണ് പോളിങ് രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ബംഗാളിലും മണിപ്പൂരിലും സംഘര്‍ഷങ്ങളുണ്ടായെങ്കിലും മറ്റിടങ്ങളില്‍ പൊതുവില്‍ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്.

കൂച്ച് ബിഹാറിലെ സീതാല്‍കുച്ചിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയും ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മണിപ്പൂരില്‍ അക്രമത്തെ തുടര്‍ന്ന് അഞ്ച് ബൂത്തുകളില്‍ പോളിങ് നിര്‍ത്തിവെച്ചു. പോളിങ് ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമം നടന്നതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് നിര്‍ത്തിവെച്ചത്. കിഴക്കന്‍ ഇംഫാലില്‍ രണ്ടിടത്തും വെസ്റ്റ് ഇംഫാലില്‍ മൂന്നിടത്തുമാണ് വോട്ടിങ് നിര്‍ത്തിയത്. അക്രമികള്‍ പോളിങ് മെഷീനുകള്‍ തകര്‍ത്തു.

പുതുച്ചേരി മണ്ഡലത്തിന്റെ ഭാഗമായ മാഹിയിലും ഇന്നാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ മുതല്‍ മികച്ച പോളിങ്ങാണ് മുഴുവന്‍ ബൂത്തുകളിലും കാണാനായത്. എല്ലാ ബൂത്തുകളും വനിതകള്‍ നിയന്ത്രിക്കുന്നുവെന്ന റെക്കോഡും മാഹിക്കാണ്. പുതുച്ചേരിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സി.പി.എം മാഹിയില്‍ വ്യത്യസ്ത നിലപാടെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

തമിഴ്‌നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലും ലക്ഷദ്വീപിലുമുള്ള ഓരോ സീറ്റുകളിലും വോട്ടെടുപ്പ് നടന്നു. രാജസ്ഥാന്‍, യുപി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഏതാനും സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടന്നു.

1,625 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. 16 കോടി 63 ലക്ഷമാണ് ആദ്യഘട്ടത്തിലെ വോട്ടര്‍മാര്‍. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 102 സീറ്റുകളില്‍ 2019ല്‍ എന്‍.ഡി.എ 51 സീറ്റിലും ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ 48 സീറ്റിലും മറ്റുള്ളവര്‍ മൂന്ന് സീറ്റിലുമാണ് വിജയിച്ചത്. ഇത്തവണയും പകുതിയിലേറെ സീറ്റുകള്‍ നേടാമെന്ന പ്രതീക്ഷയിലാണ് ഇരുപക്ഷവും. അരുണാചല്‍പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ഇന്ന് നടന്നു.