വടകരയില്‍ പോര് മുറുകുന്നു; കെ.കെ.ശൈലജ ടീച്ചര്‍ക്കുവേണ്ടി പ്രചരണത്തിനായി മുഖ്യമന്ത്രി നാളെ കൊയിലാണ്ടിയില്‍, എല്‍.ഡി.എഫിന്റെ റോഡ് ഷോയും


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പില്‍ എത്തി നില്‍ക്കെ വടകരയില്‍ പ്രചരണം ശക്തമായി എല്‍.ഡി.എഫ്. ശൈലജ ടീച്ചര്‍ക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രചരണത്തിനെത്തും. കൊയിലാണ്ടി, പുറമേരി, പാനൂര്‍, തലശ്ശേരി എന്നിവിടങ്ങൡ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കും.

രാവിലെ 11മണിക്ക് പുറമേരിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടി. നാലുമണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കും. തുടര്‍ന്ന് കൊയിലാണ്ടിയില്‍ ആയിരക്കണക്കിന് പേര്‍ അണിനിരക്കുന്ന റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്.

കൊയിലാണ്ടിയിലെ പൊതുയോഗത്തിനുശേഷം വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി തലശ്ശേരിയിലെത്തും. ആറുമണിക്കാണ് പാനൂരില്‍ മുഖ്യമന്ത്രിയെത്തുക.

വടകരയില്‍ ഏറ്റവുമാദ്യം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതും പ്രചരണം തുടങ്ങിയതും എല്‍.ഡി.എഫ് ആണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന ദിവസം തന്നെ കെ.കെ.ശൈലജ ടീച്ചര്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ആദ്യഘട്ടത്തില്‍ മൂന്നുതവണ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി, പ്രമുഖരെ വീടുകളില്‍ ചെന്നുകൊണ്ടു, കുടുംബ യോഗങ്ങള്‍ നടത്തി. പിന്നീട് മണ്ഡല പര്യടനങ്ങളിലേക്ക് കടന്നു. മണ്ഡല പര്യടനം മൂന്നാം ഘട്ടത്തിന്റെ അവസാനത്തിലാണിപ്പോള്‍.