കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരെ അശ്ലീല കമന്റ്; തൊട്ടില്‍പ്പാലം സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്


വടകര: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അശ്ലീല കമന്റിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്. തൊട്ടില്‍പ്പാലം സ്വദേശി മെബിന്‍തോമസിനെതിരെയാണ് തൊട്ടില്‍പ്പാലം പൊലീസ് കേസെടുത്തിരിക്കുന്നത്.

ഡി.വൈ.എഫ്.ഐ ചാത്തന്‍കോട്ട് നട മേഖലാ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് പരാതി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

കെ.കെ.ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ എടുക്കുന്ന നാലാമത്തെ കേസാണിത്. കെ.കെ ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി മിന്‍ഹാജിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മട്ടന്നൂര്‍ പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടെയും കെ.കെ ശൈലജ ടീച്ചറുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്. മിന്‍ഹാജ് കെ.എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയും കേസെടുത്തിരുന്നു. മുസ്ലീങ്ങള്‍ വര്‍ഗീയവാദികളാണെന്ന് കെ.കെ.ശൈലജ പറഞ്ഞുവെന്ന് മങ്ങാട് സ്‌നേഹതീരം വാട്‌സ് ഗ്രൂപ്പില്‍ അസ്ലം പോസ്റ്റ് ഇട്ടിരുന്നു. സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് ഇട്ടതെന്നാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ.്‌ഐ.ആറില്‍ പറയുന്നത്.