ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, മരണം…. എന്താണ് സംഭവിക്കുന്നതെന്നറിയാം


ചെമ്മീന്‍ കഴിച്ചതിനെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥകള്‍ കാരണം ഈ മാസം രണ്ടുമരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഏപ്രില്‍ ആറിന് പാലക്കാട് സ്വദേശിനി നിഖിത മരിച്ചു. ശരീരമാകെ ചൊറിഞ്ഞ് തടിച്ചതോടെ നിഖിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിറ്റേന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.

കഴിഞ്ഞദിവസം മറ്റൊരു മരണം കൂടി സംഭവിച്ചിരിക്കുകയാണ്. നീറിക്കോട് കളത്തിപ്പറമ്പില്‍ സിബിന്‍ദാസ് ആണ് ബുധനാഴ്ച രാത്രി മരണപ്പെട്ടത്. ചെമ്മീന്‍കറി കഴിച്ചശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ വാരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ആന്തരികാവയവസങ്ങളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ചിലരില്‍ അലര്‍ജിയുണ്ടാക്കും. ചെമ്മീനില്‍ അടങ്ങിയിരിക്കുന്ന പ്രേത്യേക പ്രോട്ടീന്‍ ചിലരില്‍ അലര്‍ജിയുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചെമ്മീന്‍ എങ്ങനെയാണ് ചിലരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് നോക്കാം.

അനഫിലക്‌സിസ് എന്ന അലര്‍ജി മൂര്‍ച്ഛിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് ചെമ്മീന്‍ കഴിക്കുന്നത് മൂലമുള്ള മരണങ്ങള്‍ക്ക് കാരണം. ചെമ്മീന്‍ കഴിച്ചയുടനെയോ കുറച്ചുസമയത്തിന് ശേഷമോ ഇത്തരം അലര്‍ജി കണ്ടുവരാം. ഇതില്‍ പെട്ടെന്ന് ഉണ്ടാകുന്ന അലര്‍ജിക് റിയാക്ഷനാണ് അനാഫലൈറ്റസ്. ഇത് ശ്വാസതടസ്സം, ഹൃദയസ്തംഭനം ബി.പി കുറയുക തുടങ്ങിയ കാര്യങ്ങളിലേക്ക് നയിക്കും.

ചെമ്മീനിലെ പ്രോട്ടീന്‍ ശരീരത്തിന് ഹാനികരമാകുമെന്ന തോന്നലില്‍ ശരീരം അതിനോട് പ്രതികരിക്കുകയും ചില ഇമ്മ്യൂണ്‍ സെല്‍സ് ആക്ടിവേറ്റഡാകുകയും ഇമ്മ്യൂണോ ഗ്ലോബുലിന്‍ ഇമ്മീഡിയേറ്റഡ് എന്ന ആന്റിബോഡി ഉണ്ടാക്കുകയും ചെയ്യും. ഇത് നമ്മുടെ ശരീരത്തിലെ പലതരം സെല്‍സിനെ ആക്ടിവേറ്റ് ചെയ്ത് അലര്‍ജന്‍സ് പുറപ്പെടുവിക്കും.

ഇത്തരത്തില്‍ മരണം സംഭവിക്കുന്നത് വളരെ അപൂര്‍വ്വമാണ്. നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ ചെമ്മീനിലെ ഒരു പ്രത്യേകതരം പ്രോട്ടീനിന് എതിരെ പ്രവര്‍ത്തിക്കുമ്പോഴാണ് അലര്‍ജിയുണ്ടാകുന്നത്.

ചെമ്മീന്‍ കഴിച്ചതിനെ തുടര്‍ന്ന് എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം. ചികിത്സ വൈകിയാല്‍ സ്ഥിതി ഗുരുതരമാകും. എപിനെഫ്രിന്‍ എന്ന ഇഞ്ചക്ഷന്‍ ആണ് ഇത്തരം അലര്‍ജിയുള്ളവര്‍ക്ക് നല്‍കുക. ഒരു തവണ ഇത്തരത്തില്‍ അലര്‍ജി കണ്ടാല്‍ പിന്നീട് ചെമ്മീന്‍ ഉപയോഗിക്കാതിരിക്കണം. ഒരു തവണ അലര്‍ജി വന്ന് ചികിത്സ തേടിയാലും വീണ്ടും ചെമ്മീന്‍ കഴിക്കുമ്പോള്‍ ഇതേ അലര്‍ജിയുണ്ടാവാം.