ദേശീയപാത പ്രവൃത്തിയുടെ മറവില്‍ സ്വകാര്യ കെട്ടിടത്തിനായി കോണ്‍ക്രീറ്റ് മിശ്രിതം കടത്താന്‍ ശ്രമം; വാഗാഡ് വാഹനം തടഞ്ഞ് പയ്യോളിയില്‍ നാട്ടുകാരുടെ പ്രതിഷേധം
പയ്യോളി: വെങ്ങളം – അഴിയൂര്‍ റീച്ചിലെ ദേശീയപാതയുടെ നിര്‍മ്മാണ കരാര്‍ കമ്പനിയായ വാഗാഡ് ദേശീയപാത പ്രവൃത്തിയുടെ മറവില്‍ സ്വകാര്യ കെട്ടിടത്തിനായി കോണ്‍ക്രീറ്റ് മിശ്രിതം കടത്തുന്നത് തടഞ്ഞ് നാട്ടുകാര്‍. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനായി കോണ്‍ക്രീറ്റ് മിശ്രിതവുമായി പോകുകയായിരുന്ന വാഗാഡ് വാഹനം അയനിക്കാട് 24ാം മൈല്‍സിനടുത്തുവെച്ച് നാട്ടുകാര്‍ തടയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം.
സി.പി.ഐ.എം പയ്യോളി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എന്‍.സി.മുസ്തഫ, ലോക്കല്‍ കമ്മിറ്റി അംഗം വി.രവീന്ദ്രന്‍, ബി.ജെ.പി ലീഡര്‍മാരായ കെ.പി.ഷൈനു, ഷൈജിത്ത് കുനീമ്മല്‍ എന്നിവര്‍ തടയുന്നതിന് നേതൃത്വം നല്‍കി. നഗരസഭ ചെയര്‍മാന്‍ വി.കെ.അബ്ദുറഹിമാനും സ്ഥലത്തെത്തി. മാസങ്ങള്‍ക്കു മുമ്പ് പയ്യോളി തീരദേശത്തെ സമാനമായ മറ്റൊരു കെട്ടിടത്തിലും ഇത്തരം മിശ്രിതവുമായി എത്തിയ വാഗാഡ് കമ്പനിയുടെ വാഹനം പയ്യോളി നഗരസഭാ ചെയര്‍മാന്റെയും സി.പി.ഐ.എം ഏരിയ സെക്രട്ടറി എം.പി.ഷിബുവിന്റെയും നേതൃത്വത്തില്‍ തടഞ്ഞു തിരിച്ചയച്ചിരുന്നു. അന്ന് ചര്‍ച്ചയ്ക്ക് എത്തിയ ആര്‍.ഡി.ഒ ഷാമില്‍ സെബാസ്റ്റ്യന്‍ ഇത്തരം സ്വകാര്യ പ്രവൃത്തി ഏറ്റെടുക്കുന്നത് തുടര്‍ന്ന് ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്.
നേരത്തെ പ്രാദേശിക എതിര്‍പ്പ് മൂലം ഖനനം നിര്‍ത്തിയ ഇരിങ്ങത്തെ തങ്കമല ക്വാറി ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ദേശീയപാത പ്രവൃത്തി നിലച്ചുപോകും എന്നകാരണം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം ഇടപെട്ട് കല്ലുകള്‍ ഉള്‍പ്പെടെയു ള്ള വസ്തുക്കള്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന കരിങ്കല്ല് ഉള്‍പ്പെടെയുള്ളവ ദേശീയപാത നിര്‍മ്മാണത്തിന് ഉപയോഗിക്കാതെ ഇത്തരം സ്വകാര്യ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പയ്യോളി പയ്യോളി പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. വൈകീട്ട് പയ്യോളി എസ്.ഐ കെ.റഫീഖ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നഗരസഭ പരിധിക്കുള്ളില്‍ ഇത്തരം പ്രവൃത്തി നടത്തില്ലെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കി. യോഗത്തില്‍ എന്‍.ടി.രാജന്‍, റഫീഖ് കുണ്ടാടേരി, കെ.പി.ഷൈനു, വാഗാഡ് കമ്പനി പ്രതിനിധി ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
Summary: Locals protest in Payyoli by stopping Wagad vehicle