മുത്താമ്പി റോഡിലെ അണ്ടര്‍പാസിനടുത്ത് അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണം; വാഗാഡ് വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം


കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടര്‍പാസിനടുത്ത് അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍. പ്രവൃത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ തടഞ്ഞിട്ടുകൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി അണ്ടര്‍പാസിന് സമീപത്തായി നിര്‍മ്മിച്ച ഡ്രൈനേജ് നിര്‍മ്മിച്ചതിലെ അപാകതകളാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയത്. കൊയിലാണ്ടി നഗരത്തില്‍ നിന്നും മറ്റും വരുന്ന വെള്ളം റെയില്‍വേ കല്‍വര്‍ട്ട് വഴി ഇതുവഴിയാണ് കടന്നുപോകുന്നത്. ഡ്രൈനേജ് യഥാവിധം നിര്‍മ്മിച്ചില്ലെങ്കില്‍ വായനാരി തോടുവഴി വെള്ളം കടന്നുപോകുന്നതില്‍ തടസങ്ങള്‍ വരുമെന്ന് പ്രദേശത്തെ നഗരസഭാ കൗണ്‍സിലര്‍ എ.ലളിത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് വഗാഡ് അധികൃതരും അദാനിയുടെ ജീവനക്കാരും എഞ്ചിനിയര്‍മാരും പ്രദേശത്തുകാരും ജനപ്രതിനിധികളുമെല്ലാം തമ്മില്‍ ചര്‍ച്ച നടക്കുകയാണ്.

രാവിലെ ഏഴ് മണിക്കാണ് നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ചത്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ നഗരസഭാ കൗണ്‍സിലര്‍ എ.ലളിതയോടും പൊതുപ്രവര്‍ത്തകരോടും അദാനിയുടെ ജീവനക്കാര്‍ കയര്‍ത്ത് സംസാരിച്ചതായി ആരോപണമുണ്ട്.