‘ബി.ജെ.പി പരിപാടിയില്‍ പങ്കെടുത്തത് സമരപ്രവര്‍ത്തകന്‍ എന്ന നിലയില്‍; ലീഗ് പ്രവര്‍ത്തകരോട് മാപ്പ്’ ബി.ജെ.പി വേദിയില്‍ പങ്കെടുത്തതില്‍ മാപ്പു പറഞ്ഞ് ടി.ടി.ഇസ്മയില്‍


കൊയിലാണ്ടി: ബി.ജെ.പി വേദിയില്‍ പൊന്നാടയണിഞ്ഞ് സ്വീകരണം ഏറ്റുവാങ്ങിയതില്‍ പ്രവര്‍ത്തകരോട് മാപ്പ് ചോദിച്ച് ലീഗ് സമരസമിതി നേതാവ് ടി.ടി.ഇസ്മയില്‍. വിവാദങ്ങളുണ്ടായതുകൊണ്ട് സൂക്ഷ്മത അനിവാര്യമാണെന്ന് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

സമരമുന്നണിക്ക് രാഷ്ട്രീയമില്ല. സമരമുന്നണിയുടെ രാഷ്ട്രീയം അതിജീവനത്തിന്റെ രാഷ്ട്രീയമാണ്. സമരം വിജയിക്കുന്നതുവരെ സമരമുന്നണിയിലുള്ളവരെ സമരത്തിന്റെ വിജയം വരെ കൂടെ നിര്‍ത്തുകയെന്നത് സമരപ്രവര്‍ത്തകരുടെ ബാധ്യതയാണ്. ആ ബാധ്യത നിര്‍വഹിക്കുകയെന്നത് ഇതില്‍ ഇടപെടുന്ന ഒരു സമരപ്രവര്‍ത്തകന്‍ എന്ന നിലക്ക് ബാധ്യതയാണെന്നും ആ ഉദ്ദേശ്യത്തിലാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് നയിക്കുന്ന സമരപന്തലിനടുത്ത് പോയതെന്നും ടി.ടി.ഇസ്മയില്‍ പറഞ്ഞു.

‘മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പറഞ്ഞാല്‍ കൃത്യമായും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന പാര്‍ട്ടികളാണ് ബി.ജെ.പിയും മുസ്‌ലിം ലീഗും. ഏറ്റവും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരാണ് മുസ്‌ലിം ലീഗിന്റേത്. സ്വാഭാവികമായിട്ടും ഈ വിഷയത്തില്‍ അവര്‍ക്ക് വേദനയുണ്ട് എന്നുള്ളത് എനിക്ക് കൃത്യമായിട്ട് അറിയാം. യഥാര്‍ത്ഥത്തില്‍ സൂക്ഷ്മത വേണ്ടതായിരുന്നില്ലേയെന്ന് ചോദ്യങ്ങളുയരാം. അതില്‍ എനിക്ക് സന്ദേഹവുമില്ല. പ്രയാസമുണ്ടായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരോട് കൃത്യമായി ഖേദപ്രകടനം നടത്തിയിട്ടുണ്ട്.’ എന്നും അദ്ദേഹം പറഞ്ഞു.

കെ റെയിലിനെതിരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ നയിച്ച പദയാത്രയിലാണ് ടി.ടി.ഇസ്മയില്‍ സ്വീകരണം ഏറ്റുവാങ്ങിയത്. കാട്ടിലപ്പീടിയില്‍വെച്ചായിരുന്നു സംഭവം. വേദിയിലെത്തിയ ഇസ്മയിലിനെ പൊന്നാടയണിയിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ലീഗ് നേതാവ് ബി.ജെ.പി വേദിയില്‍ പങ്കെടുത്ത് സ്വീകരണം ഏറ്റുവാങ്ങിയത് പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ടി.ടി.ഇസ്മയില്‍ ഖേദം പ്രകടിപ്പിച്ചത്.