ഇനിയില്ല ഇവിടെയൊരു പ്രവൃത്തി ദിനം, ഇനിയുള്ളത് ഓർമ്മകൾ മാത്രം; 46 വർഷത്തെ പ്രവൃത്തനത്തിന് ശേഷം തിക്കോടി പഞ്ചായത്ത് ഓഫിസിന് ഇന്ന് അവസാന നാൾ


തിക്കോടി: ഇന്ന് വൈകിട്ട് ഓഫീസ് സമയം കഴിയുന്നതോടെ അവസാന പ്രവൃത്തി ദിനത്തിന് താഴിടുകയാണ് തിക്കോടി പഞ്ചായത്ത്. നാല്പത്തിയാറു വർഷത്തിന്റെ ഓർമ്മകൾ മാത്രമാവും ഇനി ഒപ്പമുണ്ടാവുക. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റുന്നതോടെയാണ് പഞ്ചായത്തിന് കെട്ടിടം ഒഴിയേണ്ടി വരുക.

പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ നിലക്കാനാവാത്തതിനാൽ താൽക്കാലിക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റും. തിക്കോടി ടൗണിലെ വാടക കെട്ടിടത്തിലേക്കാണ് താത്കാലികമായി മാറുന്നത്. പ്രക്ഷോഭങ്ങളുടെയും പ്രതിഷേധത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും അധ്യായങ്ങൾക്ക് സാക്ഷ്യം വഹിച്ച ചരിത്രമുണ്ട് തിക്കോടി പഞ്ചായത്ത് കാര്യാലയത്തിന്.

1962ൽ രൂപീകൃതമായ തിക്കോടി പഞ്ചായത്ത് ഓഫിസ് പ്രവർത്തനം ആരംഭിച്ചത് പൗര പ്രമുഖനായിരുന്ന കുരന്റവിട കണാരന്റെ വാടക് ക്കെട്ടിടത്തിലാണ്. സാഹിത്യകാരനും അന്നത്തെ പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പള്ളിക്കര വി.പി മുഹമ്മദാണ് തിക്കോടി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്. 1976 ഡിസംബർ പതിനാറിന് അന്നത്തെ പഞ്ചായത്ത് വകുപ്പ് മന്ത്രി അവുഖാദർ കുട്ടി നഹ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വര്‍ഷം കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൃഷ്ണപ്രിയ കൊലപാതകം നടന്നതും ഈ പഞ്ചായത്ത് ഓഫ് കോമ്പൌണ്ടിനകത്താണ്. പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ പളളിത്താഴം സ്വദേശി ഓഫീസിനു മുൻപിൽ വെച്ച് മണ്ണണ്ണയൊഴിച്ച് കത്തിച്ചു. പഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്‍റായി കൃഷ്ണപ്രിയ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്ക് കേറിയിട്ടു ഒരാഴ്ച മാത്രമാകുമ്പോഴായിരുന്നു സംഭവം.

തിരഞ്ഞെടുപ്പിൽ ചേരി തിരിഞ്ഞ് കടുത്ത പോരാട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നിച്ച് ഭരണത്തിൽ പങ്കാളികളായിട്ടുള്ള കഥകളും തിക്കോടിക്ക് സ്വന്തം. കേരളത്തിലെ മന്ത്രിമാരടക്കമുള്ള പല പ്രമുഖരും സന്ദർശിച്ച സ്ഥലം കൂടിയാണ്. എല്ലാറ്റിനുമുപരി നാടിൻറെ വികസനത്തിന് പാർട്ടി വ്യത്യാസമില്ല അംഗങ്ങൾ ഒന്നായി കൈകോർത്ത സംഭവങ്ങൾക്കും കെട്ടിടം മുഖം സാക്ഷി. നാല്പത്തിയാറു വർഷത്തെ ഓർമ്മകളായി പടിയിറങ്ങുമ്പോഴും ഒപ്പം കൂട്ടാനായി ഏറെ നന്മയുടെ പാടങ്ങളും ഉണ്ട്.