മൂന്നുവയസ്സുകാരി കുഞ്ഞു ആരാധ്യ മുതൽ എഴുപത്തിരണ്ട് വയസ്സുള്ള പ്രേമകുമാരി ചേച്ചിവരെ പാട്ടും നൃത്തവുമായി വേദിയിൽ നിറഞ്ഞാടി; മന്ദമംഗലത്തെ കുടുംബശ്രീ കലോത്സവം നാടിന്റെ ഉത്സവമായി


Advertisement

കൊയിലാണ്ടി: കുടുംബശീ കലോത്സവം നാടിന്റെ ഉത്സവമാക്കി മന്ദമംഗലത്തുകാർ. കൊയിലാണ്ടി നഗരസഭ ഒന്നാം ഡിവിഷൻ കുടുംബശ്രീ കലോത്സവമാണ് കലാപരിപാടികൾ കൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായത്. വൈകീട്ട് നാലുമണിക്ക് ആരംഭിച്ച കലാപരിപാടികളിൽ ചെറിയ കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾവരെ ആവേശപൂർവം പങ്കെടുത്തു. പ്രോത്സാഹനവുമായി നിറഞ്ഞ സദസും ഒപ്പം കൂടിയപ്പോൾ നാട് ആഘോഷത്തിമിർപ്പിലായി.

Advertisement

നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ കലോത്സവം ഉദ്ഘാടനം ചെയ്തു. കൗൺസിലർ മനോഹരി തെക്കയിൽ അധ്യക്ഷത വഹിച്ചു. കെ.ടി.സുമേഷ്, ഇന്ദുലേഖ, മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ, അജിത എന്നിവർ സംസാരിച്ചു. എ.ഡി.എസ് പ്രസിഡണ്ട് ആരിഫ സ്വാഗതവും പ്രേമജ നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് പ്രദേശത്തെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.

Advertisement

കലാപരിപാടികളിൽ പങ്കെടുത്തവർക്കെല്ലാം പ്രോത്സാഹന സമ്മാനം നൽകി. കൂടാതെ പരിപാടികൾ ആസ്വദിക്കാനെത്തിയ മുഴുവനാളുകൾക്കും ചുക്കു കാപ്പിയും പുഴുക്കും ഒരുക്കിയിരുന്നു. മനസ്സു വയറും നിറഞ്ഞ സംതൃപ്തിയോടെയാണ് രാത്രി ഏറെ വൈകി കലാപരിപാടികൾ അവസാനിച്ചശേഷം ആളുകൾ മടങ്ങിയത്.

Advertisement