‘കൊയിലാണ്ടിയിലെ അടിപ്പാതകൾക്കായി കെ.മുരളീധരന്‍ നടത്തിയ ഇടപെടലുകളുടെ ആധികാരിക രേഖകള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്’; എം.എൽ.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്
കൊയിലാണ്ടി: എം.എൽ.എ കാനത്തിൽ ജമീലയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്. ദേശീയപാതാ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മേഖലയിൽ പുതുതായി അനുവദിക്കപ്പെട്ട അടിപ്പാതകൾ സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജയന്തിന്റെ പ്രതികരണം. വടകര എം.പി കെ.മുരളീധരന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൈവരിച്ച നേട്ടത്തില്‍ അവകാശവാദം ഉന്നയിക്കുന്ന കൊയിലാണ്ടി എം.എല്‍.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്ന് അദ്ദേഹം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
ദേശീയപാത 66 കടന്നുപോകുന്ന കൊയിലാണ്ടി നിയോജക മണ്ഡല പരിധിയില്‍ വിവിധ ഇടങ്ങളിലായി അടിപ്പാതകള്‍ അനുവദിക്കാന്‍ കെ.മുരളീധരന്‍ എം.പി നിരന്തരമായി നടത്തിയ ശ്രമങ്ങളെ തമസ്‌കരിക്കാനും നേട്ടങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കാനും സ്ഥലം എം.എല്‍.എ കാനത്തില്‍ ജമീലയും സി.പി.എമ്മും നടത്തുന്ന ശ്രമങ്ങള്‍ പരിഹാസ്യമാണ്. നാല് വര്‍ഷമായി ഉപരിതല ഗതാഗതവും ദേശീയപാതയും സംബന്ധിച്ച പാര്‍ലമെന്റ് സമിതിയില്‍ അംഗമായ കെ.മുരളീധരന്‍ നടത്തിയ ഇടപെടലുകളുടെ ആധികാരിക രേഖകള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. അത്തരമൊരു സമിതിയില്‍ അംഗമായതിനാലാണ് തന്റെ മണ്ഡലത്തില്‍ ഇത്രയേറെ അടിപ്പാതകളുള്‍പ്പെടെ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചതെന്നും ജയന്ത് പറഞ്ഞു.
ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആവശ്യാര്‍ത്ഥം നാദാപുരം റോഡ്, പൊയില്‍ക്കാവ്, മൂടാടി-മുചുകുന്ന് റോഡ്, പുതുപ്പണം എന്നീ സ്ഥലങ്ങില്‍ അണ്ടര്‍പാസും മേലൂര്‍ ശിവക്ഷേത്രത്തിനു സമീപം ഫുട് ഓവര്‍ ബ്രിഡ്ജും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരന്‍ എം.പി സമര്‍പ്പിച്ച നിവേദനങ്ങള്‍ അംഗീകരിക്കപ്പെട്ടതിന്റെ ഗുണഫലമാണ് വടകര നിയോജക മണ്ഡലത്തില്‍ കാണാന്‍ സാധിക്കുന്നത്. അത് ഏതെങ്കിലും ഒരു നിയമസഭാ മണ്ഡല പരിധിയില്‍ ഒതുങ്ങി നില്‍ക്കുന്ന നേട്ടമല്ലെന്ന് എംഎല്‍എ മനസ്സിലാക്കണന്നും ജയന്ത് പറഞ്ഞു.
നാദാപുരം റോഡ് അണ്ടര്‍പാസിനായി 6.98 കോടി രൂപയും പൊയില്‍ക്കാവ് അണ്ടര്‍പാസിനായി 7.14 കോടി രൂപയും മൂടാടി-മുചുകുന്ന് റോഡിലെ അണ്ടര്‍പാസിനായി 7.72 കോടി രൂപയും പുതുപ്പണം അണ്ടര്‍പാസിനായി 5.44 കോടി രൂപയും കെ.മുരളീധരന്‍ എം.പിയുടെ ഇടപെടലിന്റെ ഭാഗമായി അധികമായി അനുവദിക്കപ്പെട്ടതാണ്. ഡല്‍ഹിയിലും തിരുവനന്തപുരത്തും ഈ ആവശ്യവുമായി ബന്ധപ്പെട്ട് കെ.മുരളീധരന്‍ നിരവധി തവണ ഓഫീസുകള്‍ കയറിയിറങ്ങിയപ്പോള്‍ കൊയിലാണ്ടി എം.എല്‍.എ എവിടെയായിരുന്നുവെന്നും കെ.ജയന്ത് ചോദിച്ചു.
ആവശ്യം പരിഗണിക്കപ്പെട്ടപ്പോള്‍ അതിന്റെ അവകാശവാദം ഏറ്റെടുത്തെന്ന് മാത്രമല്ല, എം.പിയുടെ വികസന കാഴ്ചപ്പാടിനെ പരിഹസിക്കാനും അവര്‍ ശ്രമിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായ നേട്ടങ്ങള്‍ക്കും വികസനത്തിനും അടിത്തറപാകിയ കെ.കരുണാകരന്റെ പാരമ്പര്യത്തെക്കുറിച്ച് കാനത്തില്‍ ജമീല പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോട് ചോദിച്ച് മനസ്സിലാക്കണം. കോഴിക്കോട് എം.പിയായ കാലത്ത് കെ.മുരളീധരന്‍ നടപ്പാക്കിയ ദീര്‍ഘവീക്ഷണമുള്ള വികസനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. വടകരയിലും അടിസ്ഥാന സൗകര്യ വികസനത്തിലുള്‍പ്പെടെ അദ്ദേഹം കൊണ്ടുവന്ന വലിയ മാറ്റങ്ങള്‍ എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ അനുഭവിച്ചറിയുമെന്നും ജയന്ത് ഓര്‍മ്മപ്പെടുത്തി.
നാല് അണ്ടർപാസുകൾക്കും ഒരു ഫൂട് ഓവർ ബ്രിഡ്ജിനും കെ.മുരളീധരൻ എം.പിയുടെ ഇടപെടലിനെ തുടർന്ന് അനുമതി ലഭിച്ചുവെന്ന വാർത്ത മാധ്യമങ്ങളിൽ വന്നതോടെയാണ് വിവാദം ആരംഭിച്ചത്. എം.പിയുടെ അവകാശവാദത്തെ വിമർശിച്ച് എം.എൽ.എ നേരിട്ട് രംഗത്തെത്തി. അടിപ്പാത എന്ന ആവശ്യത്തിനുവേണ്ടി എം.എല്‍.എ എന്ന നിലയില്‍ ശക്തമായി നിലകൊള്ളുകയും അതിനുവേണ്ടി നടത്തിയ പരിശ്രമങ്ങള്‍ വിജയം കണ്ടകാര്യം നാലുമാസം മുമ്പ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതാണ്. അടിപ്പാതകള്‍ക്ക് വേണ്ടി ജനകീയ സമരങ്ങള്‍ നടന്നപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകാത്ത എം.പി ഇപ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് രംഗത്തുവന്നത് വെറും പ്രഹസനം മാത്രമായേ കാണാനാവൂവെന്നും എം.എല്‍.എ പറഞ്ഞിരുന്നു.
എം.പി നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ച് പൊയില്‍ക്കാവ്, മൂടാടി-മുചുകുന്ന് റോഡ് തുടങ്ങിയ ഇടങ്ങളില്‍ അടിപ്പാത അനുവദിച്ചെന്നായിരുന്നു സെപ്റ്റംബര്‍ 16ന് എം.പി വാര്‍ത്താക്കുറിപ്പിലൂടെ അവകാശപ്പെട്ടത്.