അവധിക്കാലത്ത് കോഴിക്കോട് നഗരം ചുറ്റിക്കണ്ടാലോ? കെ.എസ്.ആർ.ടി.സിയുടെ ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ വീണ്ടും ആരംഭിക്കുന്നു, വിശദാംശങ്ങൾ ഇതാ


കോഴിക്കോട്: അവധി കഴിയും മുന്‍പേ കോഴിക്കോടിനെ അറിഞ്ഞൊരു യാത്ര ചെയ്യാം. താത്കാലികാലികമായി നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സിയുടെ കോയിക്കോടന്‍ നഗരയാത്ര പുനരാരംഭിക്കുന്നു. മേയ് ആറിന് ആരംഭിക്കുന്ന അടുത്ത യാത്രയ്ക്ക് 80 ഓളം പേര്‍ ബുക്ക് ചെയ്ത് കഴിഞ്ഞു.

ഫെബ്രുവരി 2ന് ആരംഭിച്ച ‘കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ നാട്ടിലൂടെ ഒരുയാത്ര’ എന്നപേരിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആണ് ചെറിയ ഇടവേളയ്ക്കു ശേഷം ആരംഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ വന്‍ പിന്തുണയാണ് സര്‍വീസിന് ലഭിച്ചിരുന്നത്. പിന്നീട് നഗരത്തിലെ പല സ്ഥലങ്ങളിലും റോഡ് പണിയായതിനാല്‍ കുറച്ച് ദിവസങ്ങളിലായി ഈ സര്‍വീസ് നിര്‍ത്തി വയ്ക്കുകയായിരുന്നു. ഏപ്രില്‍ 12നാണ് ട്രിപ്പ് താത്കാലികമായി നിര്‍ത്തിയത്. ഇതിനോടകം 16 ട്രിപ്പുകളിലായി ഫെബ്രുവരിയില്‍ ആരംഭിച്ച യാത്രയില്‍ ആയിരത്തിലധികം ആളുകളാണ് യാത്ര ചെയ്തത്.

കെ.എസ്.ആര്‍.ടി.സി ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂര്‍ പാക്കേജിന്റെ ഭാഗമാണ് നഗരം ചുറ്റാം ആനവണ്ടിയില്‍ എന്ന യാത്ര. ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോര്‍ത്ത് 200 ഓളം ട്രിപ്പുകളാണ് ജില്ലയില്‍ നടപ്പാക്കുന്നത്. അടുത്തഘട്ടത്തില്‍ കോഴിക്കോട് ബീച്ച്, സരോവരം തുടങ്ങി യാത്രയില്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. യാത്ര കൂടുതല്‍ ആസ്വാദകരമാക്കാന്‍ ഡബിള്‍ ഡക്കര്‍ ബസുകളും ഉടനെത്തും. ഇതിനായി ഫോറസ്റ്റ്, ഇലക്ട്രിക് വിഭാഗങ്ങളുടെ അനുമതിയാക്കായി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി നിവേദനം നല്‍കിയിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് തുടങ്ങി പ്ലാനറ്റോറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാംവളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാര്‍ക്ക്, ഭട്ട്റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്‌ക്വയര്‍ എന്നിവ വഴിയാണ് കടന്നപോവുക. ഉച്ചയ്ക്ക് 3 മണിക്ക് തുടങ്ങി രാത്രി ഏഴ് മണിക്ക് അവസാനിക്കുന്ന തരത്തിലാണ് യാത്ര. 200 രൂപയാണ് ചാര്‍ജ്.

ചരിത്രപരമായ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിനെ പരിചയപ്പെടുക എന്നതാണ് യാത്രയുടെ പ്രധാന ഉദ്ദേശം. ഞായറാഴ്ചയാണ് ഈ ബസ് സര്‍വീസ് ഉണ്ടാവുക. ഓരോ സ്ഥലങ്ങളിലും ഇറങ്ങി കാണാനും ഫോട്ടോയെടുക്കാനും സൗകര്യമുണ്ടാകും. അതേ സമയം സര്‍വീസ് തുടങ്ങിക്കഴിഞ്ഞാല്‍ ഇടയ്ക്കുള്ള സ്റ്റോപ്പുകളില്‍ നിന്ന് ബസില്‍ കയറാനാവില്ല. മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ബസിലൊരുക്കിയിട്ടുണ്ട്. 9544477954, 9846100728 എന്നീ നമ്പറുകളില്‍ ട്രിപ്പുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യാം.

summary: kozhikode city tour of KSRTC has started again