ലോഡ്ജില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയുടെ നില അതീവ ഗുരുതരം


കോഴിക്കോട്: എറണാകുളത്തെ ലോഡ്ജില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശികളായ പെൺകുട്ടികളിൽ ഒരാളുടെ നില അതീവഗുരുതരം. പെണ്‍കുട്ടിയുടെ തലച്ചോറിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. പെൺകുട്ടി ഇപ്പോൾ വെന്റിലേറ്ററില്‍ ആണ്. ഇതിനിടയിൽ അപസ്മാരമുണ്ടായതാണ് നില ഗുരുതരമാക്കിയത്.

48 മണിക്കൂര്‍ വെന്റിലേറ്ററില്‍ കഴിയുന്നതോടെ പെണ്‍കുട്ടി ബോധാവസ്ഥയിലേയ്ക്ക് എത്തുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.തലച്ചോറിനെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് വെന്റിലേറ്റര്‍ മാറ്റിയാല്‍ അറിയാന്‍ കഴിയുകയുള്ളു എന്നും ഡോക്ടര്‍ പറഞ്ഞു. തലച്ചോറിലേയ്ക്കുള്ള ഓക്സിജന്‍ പ്രവാഹം നിലച്ചതോടെ കോമയിലേയ്ക്ക് പോകുന്ന സാഹചര്യമുണ്ടായി. എന്നാൽ ഇപ്പോൾ നേരിയ പുരോഗതിയുണ്ട്.

ഈ മാസം 27-ാം തീയതിയാണ് ഇരുവരും പെണ്‍കുട്ടികള്‍ ഇടപ്പള്ളിയിലെ വിസ കേന്ദ്രത്തില്‍ എത്തിയത്. അതിനു ശേഷം പാലാരിവട്ടത്തെ ഒരു ലോഡ്‌ജില്‍ മുറിയെടുത്ത ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന വെളുത്ത പൊടി ശ്വസിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

അതിനു ശേഷം വീട്ടിലേയ്ക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവര്‍ എറണാകുളം നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷന്‍ പരിധിയിലെ ലോഡ്‌ജില്‍ മുറിയെടുക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയാണ് അവശനിലയിലായിരുന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഒപ്പമുണ്ടായിരുന്ന കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം തിരിച്ചയച്ചു. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണുള്ളത്. ബന്ധുക്കള്‍ ഇപ്പോള്‍ ആശുപത്രിയിലുണ്ട്.

ലഹരി പദാര്‍ഥം അളവില്‍ കൂടുതലായി ഉപയോഗിച്ചതാകാം ഇവരെ അവശനിലയിലാക്കിയത് എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.