ലോക ടൂറിസം ദിനം വിപുലമായി ആഘോഷിച്ച് കോഴിക്കോട്; കാണികള്‍ക്ക് ആവേശമായി കാപ്പാട് ബീച്ചിലെ കളരിപ്പയറ്റും, ബേപ്പൂരിലെ മെഹന്ദി ഫെസ്റ്റും


കോഴിക്കോട്: ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വിനോദസഞ്ചാര വകുപ്പാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്.

പരിപാടിയോടനുബന്ധിച്ച് ഡി.ടി.പി.സിയും വണ്‍ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി പട്ടംപറത്തലിന്റെ സാധ്യതകളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ബേപ്പൂര്‍ ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കല്‍ കുട്ടികളുമായി സംവദിച്ചു. ഒളിമ്പിക്സ് ഇനമായ കൈറ്റ് സര്‍ഫിംഗിന്റെ വീഡിയോ പ്രദര്‍ശനവും നടത്തി.

കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചില്‍ കടത്തനാട് കെ.പി ചന്ദ്രന്‍ ഗുരുക്കള്‍ സ്മാരക കളരി സംഘത്തിന്റെ കളരിപ്പയറ്റും നടത്തി. കാണികളെ ആവേശത്തിലാക്കുന്ന ആഭ്യാസമുറകളാണ് സംഘം അവതരിപ്പിച്ചത്.

ബേപ്പൂരിലെ ഉത്തരവാദിത്ത ടൂറിസം ഉത്പന്നങ്ങള്‍, ഗ്രാമ അനുഭവങ്ങളുടെ പ്രദര്‍ശനം, ഉരുളന്‍ കല്ലുകളില്‍ പെയിന്റിംഗ്, മെഹന്ദി ഫെസ്റ്റ്, മുഖത്ത് ചിത്രം വരക്കല്‍ തുടങ്ങിയ പരിപാടികളാണ് ബേപ്പൂര്‍ ബീച്ചില്‍ സംഘടിപ്പിച്ചത്.

summary: Kozhikode celebrates World Tourism Day in a grand manner