പഠനത്തിൽ മാത്രമല്ല ജീവിതത്തിലും കൈത്താങ്ങായി അദ്ധ്യാപകർ; വിദ്യാർത്ഥിക്ക് വീട് വെച്ച് നൽകി കൊയിലാണ്ടി എസ്.എൻ.ഡി.പി യോഗം കോളേജ്
കൊയിലാണ്ടി: വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നല്കാൻ കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജ്. ഒരു വിദ്യാലയം ഒരു വീട് എന്ന പദ്ധതി പ്രകാരമാണ് കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് ഭവനരഹിതനായ വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകുന്നത്.
വീടിന്റെ തറക്കല്ലിടൽ ചടങ്ങ് പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ ഫാത്തിമ സി.പി നിർവഹിച്ചു. കോളേജിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് വേണ്ടി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടാണിത്. എല്ലാ വർഷവും ഇത്തരത്തിൽ ഒരു വീട് നിർമ്മിച്ചു നൽകുവാനുള്ള പദ്ധതി കോളേജ് ആവിഷ്കരിച്ച് വരുകയാണ്.
കോളേജിൽ പ്രവർത്തിച്ചു വരുന്ന നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മുൻപ് കോളേജിലെ വിദ്യാർത്ഥിനിക്ക് ഒരു വീട് നിർമ്മിച്ച് നൽകിയതും ഏറെ ശ്രദ്ധേയമായിരുന്നു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.സുജേഷ് സി.പി അധ്യക്ഷത വഹിച്ചു.
രാജൻ പടിക്കൽ, ബഷീർ മായേരി, നസീർ ചാക്കണ്ടി,. ജോഷി, ജിജു, എ വിനോദ് കുമാർ, മനു പി, വിദ്യ വിശ്വനാഥൻ, വിനി കെ, രൺദീപ് രവീന്ദ്രൻ എന്നിവർ ആശംസയർപ്പിച്ചു. ചടങ്ങിൽ കെ.ടി ചന്ദ്രൻ മാസ്റ്റർ സ്വാഗതവും ഗഫൂർ എം നന്ദിയും പറഞ്ഞു.