ഹജ്ജ് കര്‍മ്മത്തിനിടെ മരണപ്പെട്ട കൊയിലാണ്ടി മഹല്ല് സെക്രട്ടറി ഹാഷിമിന് മക്കയില്‍ അന്ത്യവിശ്രമം; മയ്യിത്ത് നിസ്‌കാരത്തിന് ആഹ്വാനം ചെയ്ത് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍


കൊയിലാണ്ടി: ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ അന്തരിച്ച കൊയിലാണ്ടി സ്വദേശിയും മഹല്ല് സെക്രട്ടറിയുമായ സി.എം.ഹാഷിമിന് മക്കയില്‍ അന്ത്യവിശ്രമം. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ പൂര്‍ത്തിയായി.

ഭാര്യ സുബൈദയ്‌ക്കൊപ്പം ഹജ്ജ് കര്‍മ്മത്തിനായി കൊയിലാണ്ടിയില്‍ നിന്നും പോയ അദ്ദേഹം ബുധനാഴ്ച രാത്രിയാണ് മരണപ്പെടുന്നത്. കൊയിലാണ്ടി പഞ്ചായത്ത് ആയിരുന്ന സമയത്തെ ആദ്യ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.അബ്ദുള്ളക്കുട്ടി ഹാജിയുടെ മകനാണ്.

ദീര്‍ഘകാലം പ്രവാസിയായിരുന്ന അദ്ദേഹം പ്രവാസ ജീവിതത്തിനുശേഷം മഹല്ല് കാര്യങ്ങളിലും പൊതുരംഗത്തും സജീവമായിരുന്നു. മുസ്‌ലിം ലീഗിന്റെ വാര്‍ഡ് സെക്രട്ടറി കൂടിയായിരുന്നു.

ഹാഷിമിന്റെ വീട് സന്ദര്‍ശിച്ച പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനുശേഷം അദ്ദേഹത്തിനുവേണ്ടി ജനാസ നമസ്‌കരിക്കാന്‍ മുനവറലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സിലര്‍ സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, കൊയിലാണ്ടി മഹല്ല് പ്രസിഡന്റ് സയ്യിദ് യൂസഫ് താഹ ഹൈദ്രോസ് എന്നിവരും വീട് സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.