‘പിള്ളേര് പഠിച്ച് വളരട്ടെ, എന്റെ സ്ഥലം ഞാൻ സൗജന്യമായി തെരാലോ’; പുറക്കാട് അറിവിന്റെ കൂടൊരുക്കാൻ സൗജന്യമായി സ്ഥലം നൽകി കൊയലേരിയുടെ മകൻ മുരളി
തിക്കോടി: ആദ്യാക്ഷരങ്ങൾ പഠിക്കാനും, ബാല ഗാനങ്ങൾ ചൊല്ലാനും കഥകൾ കേൾക്കാനും കൂട്ട് കൂടാനും പുറക്കാട്ടെ കുട്ടികൾക്കും ഒരിടം വേണ്ടേ. അങ്കണവാടിക്കൊരു സ്ഥലമില്ലാതെ വന്നപ്പോൾ വിശാല മനസ്സുമായി മുരളി എത്തി, പുറക്കാട്ടെ കൊച്ചു കുരുന്നുകൾക്ക് അറിവിന്റെ കൂടൊരുക്കാൻ.
പുറക്കാട്ടെ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവ് കൊയലേരിയുടെ സ്മരണക്കായി മകൻ മുരളിയാണ് പുറക്കാട് അംഗനവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥലം നൽകിയത്. തൻ്റെ വീടിനോടനുബന്ധിച്ചുള്ള മൂന്നു സെൻ്റ് സ്ഥലം ആണ് സൗജന്യമായി നൽകിയത്.
കൊയലേരിയുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന ചടങ്ങിൽ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല സ്ഥലത്തിൻ്റെ ആധാരം കോയലേരിയുടെ ഭാര്യ മീനാക്ഷി അമ്മയിൽ നിന്നു ഏറ്റുവാങ്ങി. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീലാ സമദ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളയ പ്രനില സത്യൻ, ആർ വിശ്വൻ, കെപി ഷക്കീല ,ബ്ളോക് മെമ്പർ ശ്രീ രാജീവൻ കൊടലൂർ, പഞ്ചായത്ത് മെമ്പർ ജയകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ സുകുമാരൻ, സി ഹനീഫ മാസ്റ്റർ, ഇ കുമാരൻ മാസ്റ്റർ, എടവനക്കണ്ടി രവീന്ദ്രൻ, എം കെ നായർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് കുയ്യണ്ടി രാമചന്ദ്രൻ സ്വാഗതവും അംഗനവാടി വർക്കർ രാധ നന്ദിയും പറഞ്ഞു.
summary: Koyaleri’s son Murali gave free land to set up Purakkad knowledge nest