അടുത്ത അവധിദിനം കൊരണപ്പാറയിലേക്ക് പോയാലോ? കൊയിലാണ്ടിയിൽ നിന്ന് ഒന്നര മണിക്കൂറിലെത്താം, കോഴിക്കോടിന്റെ കൊടൈക്കനാലിലേക്ക്; പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയം കൊരണപ്പാറയെ കുറിച്ച് അറിയാം
സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്‍ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പാണ്.
സാഹസികസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മലനിരകളും പാറക്കൂട്ടങ്ങളും കൊണ്ട് അനുഗ്രഹീതമാണ് കുറ്റ്യാടി മലയോരം. കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കൊരണമലയും കൊരണപ്പാറയും കുറ്റ്യാടിയിലെ ഏറെ കാഴ്ചകള്‍ കാത്തുവെച്ച വിനോദസഞ്ചാര ഇടങ്ങളാണ്.
കാവിലുംപാറ പഞ്ചായത്തിന്റെ ആസ്ഥാനമായ തൊട്ടില്‍പ്പാലത്തുനിന്ന് ഏതാണ്ട് ആറു കിലോമീറ്റര്‍ അകലെ കരിങ്ങാട്ടുനിന്ന് അരകിലോമിറ്റര്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ കൊരണ മലയിലേക്കുള്ള ചെങ്കുത്തായ കയറ്റം തുടങ്ങുകയായി. കുറ്റ്യാടിയില്‍നിന്ന് കായക്കൊടി വഴി കിഴക്കോട്ട് സഞ്ചരിച്ചും കൊരണപ്പാറയില്‍ എത്താം. സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 2,900 അടി ഉയരത്തിലാണ് കൊരണപ്പാറ സ്ഥിതി ചെയ്യുന്നത്. കൊരണപ്പാറയില്‍നിന്നു നോക്കിയാല്‍ പടിഞ്ഞാറ് അറബിക്കടലും, വെള്ളിയാങ്കല്ലും കാണാം.
മനോഹരവും ജലസമൃദ്ധവുമായ നദികളാണു മലയോരത്തിന്റെ മറ്റൊരു ആകര്‍ഷണം. ചവറമുഴി, കടന്തറ, കരിങ്ങാട്, മീമ്പറ്റി, ചാത്തങ്കോട്ട്നട പുഴകളും കൊഞ്ചന്‍തോട്, തരിപ്പതോട്, അത്തംകോട്ട്തൊടി തുടങ്ങിയ തോടുകളും നിരവധി കാട്ടരുവികളും കുറ്റ്യാടി മലയോരത്തിന്റെ ജീവനാഡികളാണ്. തണുത്ത കാലാവസ്ഥയും ഫലഭൂയിഷ്ടമായ മണ്ണും ജലസമൃദ്ധിയും ചരിത്രപരമായ സവിശേഷതകളും ഈ മലയോരത്തെ മറ്റു പ്രദേശങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്നു.
കുറ്റ്യാടി മലയോരത്തെ പാറമടകളും പാറഗുഹകളും സുരക്ഷിതമായ ഒളിത്താവളങ്ങളായി പണ്ടുകാലത്തു തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിനെതിരേ പഴശ്ശി നടത്തിയ ഒളിപ്പോരിന്റെ പ്രധാന കേന്ദ്രമായിരുന്നു ഈ മലയോരമെന്നാണു വിശ്വാസം. പഴശ്ശി കോട്ടയ്ക്കു കുറ്റിയടിച്ച കോട്ടക്കാവിലും, 60കളുടെ അവസാനത്തില്‍ നക്സല്‍ ആക്രമണത്തിനിരയായ പൊലിസ് സ്റ്റേഷനും ഇവിടെ നിലകൊള്ളുന്നു. അറുപതുകളിലെ കുടിയേറ്റത്തോടെയാണ് കുറ്റ്യാടി മലയോരം ജനവാസ കേന്ദ്രങ്ങളായത്.
കൊയിലാണ്ടിയിൽ നിന്ന് 50 കിലോമീറ്ററിൽ താഴെ ദൂരം മാത്രമാണ് കൊരണപ്പാറയിലേക്കുള്ളത്. ഒന്നര മണിക്കൂർ മാത്രമാണ് കൊരണപ്പാറയിലേക്ക് കൊയിലാണ്ടിയിൽ നിന്നുള്ള യാത്രാ സമയം.