ഉത്സവത്തിന് ക്ഷണിക്കാന്‍ ചെറിയവിളക്ക് ദിവസം പള്ളിവാളുമായി കോമത്ത് തറവാട്ടിലെത്തി കോമരം; കൊല്ലം പിഷാരികാവിലെ ഭക്തിസാന്ദ്രമായ കോമത്തുപോക്ക് ചടങ്ങിന്റെ ചരിത്രവും ചടങ്ങുകളെകുറിച്ചും അറിയാം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ് കോമത്ത് പോക്ക്. ക്ഷേത്രം സ്ഥാപിക്കാന്‍ സ്ഥലം നല്‍കി സഹായിച്ച തറവാട്ടുകാരായ കോമത്തുകാരെ ഉത്സവത്തിന് ക്ഷണിക്കാന്‍ പോകുന്ന ചടങ്ങാണിത്. ചെറിയ വിളക്ക് ദിവസം ക്ഷേത്രത്തിലെ പ്രധാന കോമരം കോമത്ത് തറവാട്ടിലേക്ക് പോയി തറവാട്ടുകാരെ ക്ഷണിക്കുന്നതാണ് ചടങ്ങ്.

ചെറിയവിളക്ക് ദിവസമായ ബുധനാഴ്ച ഭക്തിസാന്ദ്രമായാണ് ചടങ്ങ് നടന്നത്. കോമത്ത് പോകുന്നതിന് മുന്നോടിയായി വണ്ണാന്റെ വരവ് ആലിന്‍ചുവട്ടിലെത്തി. വണ്ണാന്‍ ആചാരപ്രകാരം കിഴക്കേനടയിലൂടെ കോമരത്തെ സ്വീകരിച്ച് ആലിന്‍ചുവട്ടിലെത്തിച്ചു. അവിടെ വെച്ച് കോമരം ഊരാളന്മാരോടും ദേശവാസികളോടുമായി ഭഗവതിയുടെ കല്പന അരുളി ചെയ്യുകയും തുടര്‍ന്ന് കോമത്തേക്ക് പോകുകയും ചെയ്തു.

രാവിലെ ശീവേലിക്ക് ശേഷമാണ് കോമത്ത് പോവുന്ന ചടങ്ങ് നടന്നത്. ക്ഷേത്രത്തിലെ തലമൂത്ത കോമരമാണ് പള്ളിവാളുമായി ആര്‍ഭാടങ്ങളൊന്നുമില്ലാതെ കോമത്ത് തറവാട്ടിലേക്ക് പോവുക. മറ്റ് കോമരങ്ങളും അകമ്പടി പോകും.

ഉത്സവത്തിന് ക്ഷണിക്കാനായി തറവാട്ടിലെത്തുന്ന കോമരത്തെ തറവാട്ടുകാര്‍ ആചാരപ്രകാരം സ്വീകരിക്കും. തറവാട്ടിനുള്ളിലെ പ്രത്യേക മുറിയില്‍ തെളിഞ്ഞുനില്‍ക്കുന്ന വിളക്കുകള്‍ക്ക് മുമ്പിലേക്കാണ് കോമരത്തെ ആനയിക്കുക.