വസൂരിമാല വരവും, പുറത്തെഴുന്നള്ളിപ്പും രണ്ടുപന്തിമേളവും; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് വലിയ വിളക്ക്


കൊല്ലം: പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് വലിയ വിളക്ക്. രാവിലെ കാഴ്ചശീവേലി മുതലാണ് വലിയ വിളക്ക് ദിന ചടങ്ങുകള്‍ ആരംഭിച്ചത്. കടമേരി ഉണ്ണിക്കൃഷ്ണന്‍ മാരാരുടെ മേളപ്രമാണത്തിലായിരുന്നു കാഴ്ചശീവേലി.

മന്ദമംഗലം സ്വാമിയാര്‍കാവ് ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന വസൂരിമാല വരവാണ് ഇന്നത്തെ പ്രധാനവരവുകളില്‍ ഒന്ന്. രാവിലെ മന്ദമംഗലത്ത് നിന്ന് ആരംഭിക്കുന്ന വരവ് പതിനൊന്ന് മണിയോടെ പിഷാരികാവ് ക്ഷേത്രത്തിലെത്തും. ഗജവീരന്മാരെ അടക്കം അണിനിരത്തി പ്രൗഢഗംഭീരമാണ് വസൂരിമാല വരവ്.

ഇന്ന് 110 പവനോളം വരും ദേവിയുടെ വസൂരിമാല. ഒരു പണത്തൂക്കമുള്ള മണികള്‍ ഉത്സവകാലത്ത് വസൂരിമാലയില്‍ കൂട്ടിച്ചേര്‍ക്കുകയാണ് പതിവ്. ഇത് ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞതവണ 190 മണികളാണ് കൂട്ടിച്ചേര്‍ത്തത്. പിഷാരികാവില്‍ നിത്യവും ദേവിയെ അണിയിക്കുന്ന ആഭരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ വസൂരിമാല. കാളിയാട്ട വിളക്ക് തുടങ്ങിയാല്‍ സ്വാമിയാര്‍കാവ് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ പിഷാരികാവിലെത്തി ഈ മാല രജിസ്റ്ററില്‍ ഒപ്പുവെച്ച് കൈപ്പറ്റുകയും വലിയ വിളക്ക് ദിവസം ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.

മന്ദമംഗലത്തുനിന്നും വസൂരിമാല വരവ് പുറപ്പെട്ടു കഴിഞ്ഞു. ഇനി പിഷാരികാവിലേക്കുള്ള വഴിയ്ക്കിടയില്‍ പതിനഞ്ചോളം വീടുകളില്‍ നിന്നും വരവ് വസൂരിമാല വരവിനൊപ്പം കൂടിച്ചേര്‍ന്ന് നൂറുകണക്കിന് ആളുകള്‍ അണിനിരക്കുന്ന ആഘോഷവരവായാണ് ക്ഷേത്രത്തിലെത്തുക.


Also Read: മന്ദമം​ഗലത്തെ ഭീതിയിലാഴ്ത്തിയ വസൂരി രോ​ഗം, ദേവിക്ക് നേർച്ചയായി മണിമാല; കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ വസൂരിമാല വരവിന് പിന്നിലെ ഐതിഹ്യം അറിയാം…


 

വൈകുന്നേരം മൂന്നുമണിമുതല്‍ കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനൂര്‍ക്കുല വരവുകള്‍, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ്, കൊല്ലന്റെ തിരുവായുധം വരവ്, മറ്റ് അവകാശവരവുകള്‍ എന്നിവ ക്ഷേത്രാങ്കണത്തിലെത്തും.

രാത്രി 11മണിക്ക് ശേഷമാണ് പുറത്തെഴുന്നള്ളിപ്പ്. സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. കേരളത്തിലെ പ്രശസ്ത വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന രണ്ടുപന്തിമേളം പുറത്തെഴുന്നള്ളിപ്പിന്റെ പ്രധാന ആകര്‍ഷണമാണ്. കലമാണ്ഡലം ശിവദാസന്‍ മാരാരാണ് ഒന്നാം പന്തിമേള പ്രമാണം. മട്ടന്നൂര്‍ ശ്രീകാന്ത് മാരാരുടെ നേതൃത്വത്തിലാണ് രണ്ടാം പന്തിമേളം. തുടര്‍ന്ന് കരിമരുന്ന് പ്രയോഗത്തോടെ വലിയ വിളക്ക് ദിന ആഘോഷ പരിപാടികള്‍ അവസാനിക്കും.