മന്ദമം​ഗലത്തെ ഭീതിയിലാഴ്ത്തിയ വസൂരി രോ​ഗം, ദേവിക്ക് നേർച്ചയായി മണിമാല; കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ വസൂരിമാല വരവിന് പിന്നിലെ ഐതിഹ്യം അറിയാം…


കൊയിലാണ്ടി: വലിയവിളക്ക് ദിവസം പിഷാരിക്കാവിലെത്തുന്ന ഏറ്റവും ശ്രദ്ധേയാകര്‍ഷിക്കുന്ന വരവാണ് വസൂരിമാല വരവ്. ദേവിയ്ക്ക് അണിയാനുള്ള വസൂരിമാലയുമായി മന്ദമംഗലം സ്വാമിയാര്‍കാവില്‍ നിന്നുമാണ് വസൂരിമാലാ വരവ് ക്ഷേത്ര സന്നിധിയിലെത്തുക. ​ഗജവീരന്മാരെ അണിനിരത്തിയുള്ള വസൂരിമാല വരവിന് പിന്നിലൊരു ഐതിഹ്യമുണ്ട്.

എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ദമംഗലം പ്രദേശം മുഴുവന്‍ മാരകമായ വസൂരി രോഗത്തിന്റെ പിടിയിലായിരുന്നു. ഈര്‍ച്ചപ്പണിയെടുത്ത് ജീവിക്കുന്നവരായിരുന്നു ഇവിടുള്ള ഭൂരിപക്ഷം പേരും. ഇവര്‍ നാട്ടുമൂപ്പനായ പറമ്പില്‍ കേളുവിന്റെ വീട്ടിലെത്തിച്ചേരുകയും നാട്ടുകാര്‍ ഒത്തുചേര്‍ന്ന് ദേവിയെ പ്രാര്‍ത്ഥിക്കുകയും ചെയ്തു. പ്രദേശത്തുനിന്നും വസൂരി രോഗം വിട്ടുപോയാല്‍ എല്ലാവര്‍ക്കും ഇവിടെനിന്നും വസൂരിയുടെ വണ്ണത്തിലുള്ള സ്വര്‍ണമണി നേര്‍ച്ചയായി നേരാമെന്നായിരുന്നു പ്രാര്‍ത്ഥന. ഈ രോഗം മാറിയാല്‍ എല്ലാവര്‍ഷവും വസൂരിമാലയില്‍ സ്വര്‍ണ മണി അധികമായി ചേര്‍ക്കുമെന്നും പറഞ്ഞു. ഇതുപ്രകാരം രോഗം മാറുകയും നേര്‍ച്ച പറഞ്ഞത് പ്രകാരം ഭക്തര്‍ എല്ലാവര്‍ഷവും ദേവിയ്ക്ക് വസൂരിമാലയുമായി മന്ദമംഗലത്തുനിന്നും പിഷാരികാവില്‍ എത്തുകയും ചെയ്യുന്നു.

ഇന്ന് 110 പവനോളം വരും ദേവിയുടെ വസൂരിമാല. ഒരു പണത്തൂക്കമുള്ള മണികളാണ് വസൂരിമാലയില്‍ കൂട്ടിച്ചേര്‍ക്കുക. ഇത് ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിക്കും. കഴിഞ്ഞതവണ 190 മണികളാണ് കൂട്ടിച്ചേര്‍ത്തത്. പിഷാരികാവില്‍ നിത്യവും ദേവിയെ അണിയിക്കുന്ന ആഭരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ വസൂരിമാല. കാളിയാട്ട വിളക്ക് തുടങ്ങിയാല്‍ സ്വാമിയാര്‍കാവ് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ പിഷാരികാവിലെത്തി ഈ മാല രജിസ്റ്ററില്‍ ഒപ്പുവെച്ച് കൈപ്പറ്റുകയും വലിയ വിളക്ക് ദിവസം ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.

മന്ദമംഗലത്തുനിന്നും വസൂരിമാല വരവ് പുറപ്പെട്ടു കഴിഞ്ഞാല്‍ പിഷാരികാവിലേക്കുള്ള വഴിയ്ക്കിടയില്‍ പതിനഞ്ചോളം വീടുകളില്‍ നിന്നും വരവ് വസൂരിമാല വരവിനൊപ്പം കൂടിച്ചേര്‍ന്ന് നൂറുകണക്കിന് ആളുകള്‍ അണിനിരക്കുന്ന ആഘോഷവരവായാണ് ക്ഷേത്രത്തിലെത്തുക.

തെക്കന്‍ കൊല്ലത്തുനിന്ന് യാത്ര തിരിച്ച വൈശ്യ വ്യാപാരികള്‍ തിരുവിതാംകൂര്‍ രാജാവിന്റെ കല്‍പന പ്രകാരമാണ് സ്വന്തം നാട്ടില്‍ നിന്ന് പാലായനം ചെയ്ത് ഇവിടെയെത്തുന്നത്. വിരുദ്ധ പ്രകൃതമുള്ള പശുക്കളും ജന്തുജാലങ്ങളും ഒന്നിച്ചുവസിക്കുന്നതില്‍ ആകൃഷ്ടരായവര്‍ ഈ പ്രദേശം ഭഗവതിയെ പ്രതിഷ്ഠിക്കാനും തങ്ങള്‍ക്ക് സൗര്യമായി താമസിച്ചു വ്യാപാരം നടത്തുവാനും എന്തുകൊണ്ടും യോജ്യമാണെന്ന് മനസിലാക്കി. തുടര്‍ന്ന് അവര്‍ കുറുമ്പനാട് രാജാവിന്റെ പ്രതിനിധി കോമത്ത് വാഴുന്നവരില്‍ നിന്ന് ആനച്ചവിട്ടടിക്ക് ആമാടകൊടുത്ത് (ആ നച്ചവിട്ടടി = ഒരുതരം അളവ്, ആമാട = ഒരുതരം പൊന്ന്) സ്ഥലം വാങ്ങി ക്ഷേത്രവും അവര്‍ക്കാവശ്യമായ വീടുകളും നിര്‍മ്മിച്ചു.

ക്ഷേത്രത്തിനു പൂര്‍വസ്മരണ നിലനിര്‍ത്താന്‍ കൊല്ലം പിഷാരികാവ് എന്നുതന്നെ അവര്‍ പേരിട്ടു. കൊല്ലത്ത് നിന്ന് ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന നാന്ദകം ക്ഷേത്ര ശ്രീകോവിലില്‍ത്തന്നെ വെച്ചു പൂജിച്ചുവന്നു. ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് സുപ്രസിദ്ധ തന്ത്രി കാട്ടുമാടം നമ്പൂതിരിയാണ്. ആദ്യകാലത്തെ പൂജാരിമാര്‍ വൈശ്യന്മാര്‍ തന്നെയായിരുന്നു. എട്ട് വൈശ്യകുടുംബങ്ങള്‍ തങ്ങളുടെ പരദേവതയുടെ സമീപം തന്നെ എട്ടുവീടുകളിലായി താമസമുറപ്പിച്ചു. ഇവരാണ് ക്ഷേത്രത്തിന്റെ ഉടമകള്‍ അഥവാ ഊരാളന്മാര്‍ -കീഴയില്‍, വാഴയില്‍, ഇളയിടത്ത്, ഈച്ചരാട്ടില്‍, പുനത്തില്‍, നാണോത്ത്, മുണ്ടക്കല്‍, എരോത്ത് എന്നീ തറവാട്ടുകാര്‍.