തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷം രൂപ കവര്‍ന്ന സംഭവം; എലത്തൂർ സ്വദേശി ഉൾപ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍


മഞ്ചേരി: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ അറവങ്കരയില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി 19.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ കോഴിക്കോട് സ്വദേശികളുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. കക്കോടി മക്കട പുത്തലത്ത് കുഴിയില്‍ വീട്ടില്‍ അജ്മല്‍ (47), ഒറ്റത്തെങ്ങ് വടക്കേടത്ത് മീത്തല്‍ ജിഷ്ണു (24), എലത്തൂര്‍ പുതിയ നിരത്ത് എലത്തുക്കാട്ടില്‍ ഷിജു (45), പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കണ്ണൂര്‍ കേളം പീടിക ജിഷ്ണു (24), തൃശ്ശൂര്‍ കോടാലി പട്ടിലിക്കാടന്‍ സുജിത്ത് (37) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

പണം തട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരന്മാരായ നാല് പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. മധുരൈ അഴകര്‍ നഗര്‍ സ്വദേശി ആര്‍. ബാലസുബ്രഹ്‌മണ്യനാണ് (56) പണം നഷ്ടമായത്.

കഴിഞ്ഞ 16ന് പുലര്‍ച്ച അഞ്ചിന് പൂക്കോട്ടൂര്‍ അറവങ്കരയിലാണ് കവര്‍ച്ച നടന്നത്. മധുരയിലെ ജ്വല്ലറിയിലെ മാനേജറായ ബാലസുബ്രഹ്‌മണ്യം സുഹൃത്ത് ഗോപാലകൃഷ്ണനൊപ്പം സ്വര്‍ണം വാങ്ങുന്നതിനായാണ് പൂക്കോട്ടൂരിലെത്തിയത്. ബസില്‍ നിന്നിറങ്ങി നടന്നുപോകുമ്പോള്‍ കാറിലെത്തിയ സംഘം ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

തമിഴ്നാട് സ്വദേശികള്‍ സ്വര്‍ണം വാങ്ങാന്‍ ടൂറിസ്റ്റ് ബസ്സില്‍ പണവുമായി വരുന്നുണ്ടെന്ന വിവരം പ്രതികളിലൊരാളായ അജ്മലിന് ലഭിച്ചു. അജ്മലും ജിഷ്ണുവും ഒരു ഇയോണ്‍ കാറിലും കണ്ണൂരിലെ സംഘം ഇന്നോവ കാറിലുമാണ് സ്ഥലത്തെത്തിയത്. ബാലസുബ്രഹ്‌മണ്യം പൂക്കോട്ടൂരില്‍ ബസിറങ്ങിയിട്ടുണ്ടെന്ന വിവരം അജ്മല്‍ സംഘത്തെ അറിയിക്കുകയും സംഘമെക്കി പണം തട്ടിയെടുക്കുകയുമായിരുന്നു.

പണം തട്ടിയതിന് ശേഷം അജ്മലും ജിഷ്ണുവും നേരെ കോഴിക്കോട്ടേക്കും മറ്റുപ്രതികള്‍ ഇന്നോവ കാറില്‍ അരീക്കോട് മുക്കം വഴി തലശ്ശേരിയിലേക്കും രക്ഷപ്പെട്ടു. അന്നേ ദിവസം ഉച്ചക്ക് അജ്മലും ഷിജുവും തലശ്ശേരിയില്‍ എത്തി നാലു ലക്ഷം രൂപ വാങ്ങിയെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ജില്ലാ പോലീസ് മേധാവി എസ്.ശശിധരന്റെയും ഡി.വൈ.എസ്.പി. മനോജിന്റെയും നിര്‍ദേശപ്രകാരം മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം. ബിനീഷ്, പ്രിന്‍സിപ്പല്‍ എസ്.ഐ ബസന്ത്, എസ്.ഐമാരായ അശോകന്‍, ബാലമുരുഗന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അനീഷ് ചാക്കോ, റിയാസ്, എന്നിവരും ജില്ല പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഐ.കെ. ദിനേശ്, മുഹമ്മദ് സലീം, കെ.കെ. ജസീര്‍, ഷഹേഷ് രവീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.