അനുവദിച്ചിരിക്കുന്നത് നാലുകോടി രൂപ, അതിന്റെ ആവശ്യമില്ലെന്നു ഉദ്യോഗസ്ഥർ; ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം കാരണം കൊല്ലം ചിറയെന്ന വികസന സ്വപ്നത്തിന്റെ രണ്ടാംഘട്ട നവീകരണ പ്രവൃത്തികള്‍ നീണ്ടുപോകുന്നു
കൊയിലാണ്ടി: ബജറ്റില്‍ നാലുകോടി രൂപ അനുവദിച്ചിട്ടും ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം കാരണം കൊല്ലം ചിറയുടെ രണ്ടാംഘട്ട നവീകരണ പ്രവൃത്തികള്‍ നീണ്ടുപോകുന്നു. രണ്ടാംഘട്ടത്തിനായി നാലുകോടി ചെലവാക്കേണ്ടതില്ലെന്നും 2.5 കോടി രൂപയ്ക്ക് താഴെയായി എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കണമെന്നുമുള്ള ടൂറിസം ഡപ്യൂട്ടി ഡയറക്ടറുടെ നിലപാടാണ് കൊല്ലം ചിറയുടെ വികസന സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായിരിക്കുന്നത്.
കെ.ദാസന്‍ കൊയിലാണ്ടി എം.എല്‍.എയായിരിക്കെ 2020-21ലെ ബജറ്റിലാണ് വിനോദസഞ്ചാര രംഗത്തെ വികസനം ലക്ഷ്യമിട്ട് കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണത്തിനായി നാലുകോടി രൂപ നീക്കിവെച്ചത്. അതിനുമുമ്പ് നബാര്‍ഡ് അടക്കമുള്ളവയുടെ ഫണ്ടിന്റെ സഹായത്തോടെ മൂന്നുകോടിയുടെ ആദ്യ ഘട്ട നവീകരണ പ്രവൃത്തി കൊല്ലം ചിറയില്‍ പൂര്‍ത്തീകരിച്ചിരുന്നു.
ചിറയുടെ സൗന്ദര്യവത്കരണത്തിനും ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ മുന്‍തൂക്കം നല്‍കിയത്. ആദ്യഘട്ട നവീകരണ പ്രവൃത്തി പൂര്‍ത്തിയായതിനു പിന്നാലെ തന്നെ കൊല്ലം ചിറ പ്രദേശം ധാരാളം ആളുകള്‍ കേന്ദ്രീകരിക്കുന്ന ഇടമായി വളര്‍ന്നിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ നിരവധിയാളുകളാണ് ഇവിടെ സമയം ചിലവഴിക്കാനും, കാഴ്ചകള്‍ ആസ്വദിക്കാനും നീന്തല്‍ പരിശീലിക്കാനുമൊക്കെ എത്തുന്നത്. ഇതെല്ലാം പരിഗണിച്ച് കൂടുതല്‍ പേരെ ഇവിടേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യമിട്ടാണ് രണ്ടാം പ്രവൃത്തിയ്ക്ക് ഒരുങ്ങിയത്.
ബജറ്റില്‍ നാലുകോടിയുടെ പ്രോജക്ട് അനുവദിച്ചതിനൊപ്പം 20% തുക നീക്കിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കെ.ദാസന്‍, ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് അംഗങ്ങള്‍, ദേവസ്വം, മുനിസിപ്പാലിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗം ചേര്‍ന്ന് പ്രവൃത്തിയുടെ ഡി.പി.ആര്‍ തയ്യാറാക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് ഊരാളുങ്കല്‍ സൊസൈറ്റി ഡി.പി.ആര്‍ തയ്യാറാക്കുകയും ഇത് ഭരണാനുമതിയ്ക്കായി സമര്‍പ്പിക്കുന്നതായി ജില്ലാ ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ നാലുകോടി രൂപയെന്നത് അനാവശ്യ ചെലവാണെന്ന നിലപാടാണ് ടൂറിസം ഡയറക്ടര്‍ സ്വീകരിച്ചിരിക്കുന്നത്.
”ഡി.പി.ആറില്‍ പറയുന്ന ഓപ്പണ്‍ ജിം പോലുള്ള ഘടകങ്ങള്‍ അമ്പലക്കുളത്തിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്നത് അനുയോജ്യമല്ലെന്നും കുളത്തിന് ചുറ്റും ചുറ്റുമതില്‍ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ഡി.പി.ആറില്‍ പറയുന്ന വാക്ക് വേയ്ക്ക് ചുറ്റും മറ്റൊരു കോമ്പൗണ്ട് വാളിന്റെ ആവശ്യകത ഇല്ലെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു” എന്നാണ് ഡി.പി.ആര്‍ പുതുക്കി നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ ഉത്തരവില്‍ പറയുന്നത്.
ടൈലുവെച്ച നടപ്പാത, ഇരിപ്പിട സൗകര്യങ്ങള്‍, ലൈറ്റിങ്, കുട്ടികളുടെ പാര്‍ക്ക്, ഓപ്പണ്‍ ജിം, കുളിക്കടവുകള്‍ എന്നിവയാണ് ഡിപി.ആറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വൈകുന്നേരങ്ങളില്‍ കുടുംബത്തോടെ അല്പം സമയം ചെലവിടാനാഗ്രഹിക്കുന്നവര്‍ക്കും നീന്തല്‍ പരിശീലനത്തിനും മറ്റും ചിറയില്‍ എത്തുന്നവര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടും കോഴിക്കോടിന് മാനാഞ്ചിറയെന്നപോലെ കൊയിലാണ്ടിയ്ക്ക് കൊല്ലം ചിറയെന്ന തരത്തില്‍ ഈ മേഖലയെ വികസിപ്പിക്കാന്‍ പദ്ധതിയിട്ടുമുള്ളതായിരുന്നു ഡി.പി.ആര്‍.