കൊയിലാണ്ടിയിലെ ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച


കൊയിലാണ്ടി: എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോഴിക്കോട് ജില്ലാ കോടതി വിധി പറയും. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലാണ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ വാദം പൂർത്തിയായി. നേരത്തേ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

2020 ഫെബ്രുവരി 18 ന് വൈകീട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ആണ് കൊയിലാണ്ടി പോലീസ് രണ്ടാമത്തെ കേസെടുത്തത്. പരാതി ലഭിച്ച അന്ന് തന്നെ ഇരയുടെ മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

കൊയിലാണ്ടി സ്വദേശിനിയായ എഴുത്തുകാരിക്കെതിരായ ലൈംഗികാതിക്രമത്തിലാണ് സിവിക് ചന്ദ്രനെതിരെ ആദ്യം പരാതി ഉയർന്നത്. ഏപ്രില്‍ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നത്. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡിവൈ.എസ്.പി.ക്കാണ് അന്വേഷണ ചുമതല.

സിവിക് ചന്ദ്രൻ ഇപ്പോഴും ഒളിവിലായതിനാൽ പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇയാൾ സംസ്ഥാനം വിട്ടെന്നാണ് അനുമാനം. സിവിക് ചന്ദ്രനെതിരായ നടപടി വൈകുന്നതില്‍ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് നൂറ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പുവച്ച നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

 

summary: Koilandi sexual assault case of sivic chandran