തിരമാലകള്‍ക്കൊപ്പം തുള്ളിച്ചാടി മത്തികള്‍; കൊയിലാണ്ടിയില്‍ മത്തി ചാകര, കരയില്‍ നിന്ന് മീന്‍ പിടിച്ച് നാട്ടുകാര്‍


കൊയിലാണ്ടി: കൊയിലാണ്ടിയിലെ കടലോരങ്ങളില്‍ മത്തി ചാകര. ഹാര്‍ബറിന് തെക്ക് ഭാഗത്തായി വിരുന്നുകണ്ടി മുതല്‍ ഏഴുകുടിക്കല്‍ വരെയാണ് മത്തികള്‍ കൂട്ടത്തോടെ കരയ്‌ക്കെത്തിയത്. ചാകരയുണ്ടെന്ന് അറിഞ്ഞതോടെ തിരക്കൊപ്പം കരയ്ക്കടിഞ്ഞ മത്തി വാരികൂട്ടുന്ന തിരക്കിലായിരുന്നു നാട്ടുകാര്‍.

മണിക്കുറുകള്‍ തിരയില്‍ തുള്ളി ചാടിയ മത്തി എല്ലാവര്‍ക്കും അത്ഭുത കാഴ്ചയായി.
രാവിലെ പത്ത് മണി വരെ മത്തി കരയ്ക്ക് അടിഞ്ഞെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മത്തി ചാകര ഉണ്ടായെങ്കിലും അതില്‍ നിന്ന് വിഭിന്നമായി കരയില്‍ നിന്നും മത്തി പിടിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത്തവണത്തെ ചാകരയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

തിരമാലകള്‍ക്കൊപ്പം തുള്ളിക്കളിക്കുന്ന മത്തിയെ വാരിക്കൂട്ടുന്ന തിരക്കിലായിരുന്നു എല്ലാവരും. ജനങ്ങള്‍ക്കൊപ്പം പരുന്തുക്കളും മത്തിയെ റാഞ്ചിയുക്കാനായി അവിടങ്ങളില്‍ പറന്നു നടന്നു. ചാകരയുണ്ടെന്ന് അറിഞ്ഞതോടെ അടുത്ത പ്രദേശങ്ങളില്‍ നിന്നടക്കം നിരവധി പേര്‍ ഹാര്‍ബറിലേക്ക് ഒഴുകിയെത്തി. നേരത്തേ ജൂൺ ആദ്യം കൊയിലാണ്ടിയിലെ മന്ദമംഗലം പാലക്കുളം ബീച്ചിൽ എളമ്പക്ക ചാകര ഉണ്ടായിരുന്നു.

summary: Koilandi sardines, locals catch fish from the shore