പത്ര സമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിച്ചു; കെ.കെ രമയുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കേസ്


വടകര: പത്ര സമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിച്ചുവെന്ന കെ.കെ രമ എം.എല്‍.എയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സത്യന്‍ എന്‍.പി, ശശീന്ദ്രന്‍ വടകര എന്നീ ഫേസ്ബുക്ക് ഫ്രൊഫൈലുകള്‍ക്കെതിരെയാണ് കേസെടുത്തത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകള്‍ വഴിയും വടകര സൈബര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

2024 ഏപ്രില്‍ 17-ാം തീയതി ഉമ തോമസ് എംഎല്‍എയ്ക്ക് ഒപ്പം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ള വിധം മുറിച്ചു എഡിറ്റ് ചെയ്ത് ‘ഷാഫി പറമ്പിലിനെ തള്ളി കെ.കെ. രമ’ എന്ന നിലയില്‍ എഡിറ്റ് ചെയ്ത് മീഡിയ വഴി വ്യാപകമായി സിപിഎം സൈബര്‍ സംഘങ്ങള്‍ പ്രചരിപ്പിച്ചു എന്നായിരുന്നു രമ നല്‍കിയ പരാതിയില്‍ പറയുന്നത്.

കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു 17ന് കെ.കെ രമ വാര്‍ത്താസമ്മേളനം നടത്തിയത്. ”എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റാണെന്നും, ശൈലജയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ കണ്ടിട്ടില്ലെന്നും, വാര്‍ത്താ സമ്മേളനത്തില്‍ ശൈലജ പറഞ്ഞതിനെ മുഖവിലക്കെടുത്താണ് പ്രതികരിക്കുന്നതെന്നും കെ.കെ രമ പറഞ്ഞിരുന്നു.

ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് സൈബര്‍ ആക്രമണം എന്ന പരാമര്‍ശം അസംബന്ധമാണ്. സൈബര്‍ ആക്രമണം ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. അക്രമണത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തണം. ഇക്കാര്യത്തില്‍ ടീച്ചര്‍ക്കൊപ്പം നില്‍ക്കുമെന്നും, കെ.കെ ശൈലജ നുണ പ്രചാരണം അവസാനിപ്പിക്കണമെന്നും കെ.കെ രമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അതേ സമയം വടകരയില്‍ തനിക്കെതിരെ മോര്‍ഫ് ചെയ്ത അശ്ശീല വീഡിയോ അല്ല പോസ്റ്ററുകളാണ് പ്രചരിപ്പിച്ചത് എന്ന് കെ.കെ ശൈലജ ഇന്നലെ നടന്ന വടകര പ്രസ് ക്ലബിന്റെ മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ പറഞ്ഞിരുന്നു.