തന്നെ പൊതുജന മധ്യത്തിലും പാര്‍ട്ടി പ്രവര്‍ത്തകരിലും അവമതിപ്പുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നു; എന്നും പ്രവര്‍ത്തകരാണ് തന്റെ ശക്തി, അവരോടപ്പം സാധാരണ പ്രവര്‍ത്തകനായി നാളെയും ഞാനുണ്ടാവും: രാജിവെക്കാനിടയായ സാഹചര്യം വിശദമാക്കി കെ.കെ. രജീഷ്


പേരാമ്പ്ര: നീണ്ട മുപ്പത് വര്‍ഷക്കാലത്തെ സംഘടന ചുമതകള്‍ വഹിച്ച് ഇപ്പോള്‍ നിലവിലുളള ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് സ്ഥാനം താന്‍ രാജിവയ്ക്കുകയാണെന്നും തന്നെ പൊതുജന മധ്യത്തിലും പാര്‍ട്ടി പ്രവര്‍ത്തകരിലും അവമതിപ്പുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നതിനാലാണ് രാജി വയ്ക്കുന്നതെന്നും കെ.കെ. രജീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. രാജിക്കത്ത് ജില്ല പ്രസിഡന്റിന് കൈമാറിയ വിവരം അദ്ദേഹം അറിയിച്ചു.

എ.ബി.വി.പി ഹൈസ്‌ക്കൂള്‍ യൂണിറ്റ് പ്രസിഡണ്ട്, കക്കറ മുക്ക് ശാഖാ മുഖ്യ ശിക്ഷക്, എ.ബി.വി.പി പേരാമ്പ്ര നഗര്‍ സമിതി മെമ്പര്‍, യുവമോര്‍ച്ച വിദ്യാര്‍ത്ഥി സെല്‍ മേപ്പയ്യൂര്‍ മണ്ഡലം കണ്‍വിനര്‍, യുവമോര്‍ച്ച മേപ്പയൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, യുവമോര്‍ച്ച പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട്, ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രടറി, പ്രസിഡണ്ട്, കര്‍ഷക മോര്‍ച്ച കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി, ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്, പേരാബ്ര ബ്ലോക്ക് ആവള ഡിവിഷന്‍, ജില്ലാ പഞ്ചായത്ത് പേരാമ്പ്ര, പയ്യോളി അങ്ങാടി ഡിവിഷന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.


കഴിഞ്ഞ 9 വര്‍ഷമായി പേരാമ്പ്ര താലൂക്ക് ആശുപത്രി വികസന സമിതി മെമ്പറായും പാര്‍ട്ടി പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ സാധിച്ചു എന്നതാണ് എന്റെ സംതൃപ്തിയെന്നും വ്യക്തിപരമായ കാരണത്താല്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കിതരണമെന്ന് മാസങ്ങളായി പാര്‍ട്ടിയോട് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പാലേരി സ്വദേശി പ്രജീഷ് തനിക്കെതിര ആരുടെയെക്കെയോ പ്രലോഭനത്തില്‍ അടിസ്ഥാനരഹിതമായ ആരോപണവുമായി തനിക്കെതിരെ രംഗത്ത് വന്നതെന്നും ചുമതലയുള്ളതിനാല്‍ അക്കാര്യത്തില്‍ തന്റെ നിലപാട് പാര്‍ട്ടിക്ക് വിശദികരിക്കുകയും, അത് സംഘടനയ്ക്ക് ബോധ്യപ്പെടുകയും ചെയ്തതാണെന്നും എന്നിട്ടും സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ ചെയ്യുന്നത് തുടരുന്നതിനാലാണ് പരസ്യമായി രാജിവയ്ക്കുന്നതും തന്റെ നിലപാട് പറയുകയും ചെയ്യുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

എന്നും പ്രവര്‍ത്തകരാണ് തന്റെ ശക്തി, അവരോടപ്പം സാധാരണ പ്രവര്‍ത്തകനായി നാളെയും ഞാനുണ്ടാവും എന്നും അദ്ദേഹം അറിയിച്ചു.