കൊയിലാണ്ടിയിൽ ഇനി ആവേശത്തിന്റെ നാളുകൾ, കലാ-കായിക മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ അവർ എത്തുന്നു; കേരളോത്സവത്തിന് നവംബർ 26 ന് തുടക്കമാവും


കൊയിലാണ്ടി: സംസ്ഥാന യുവജനക്ഷേമ ബോർഡും കൊയിലാണ്ടി നഗരസഭയും സംയുക്തമായി ‘കേരളോത്സവം 2022’ സംഘടിപ്പിക്കുന്നു. നവംബർ 26 മുതൽ ഡിസംബർ 6 വരെയാണ് പരിപാടി. യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാമേളയാണ് കേരളോത്സവം.

നവംബർ 26,27 തിയ്യതികളിലാണ് കലാ മത്സരങ്ങൾ നടക്കുക. 26 ന് രചനാ മത്സരങ്ങൾ ടൗൺഹാളിലും 27 ന് സ്റ്റേജ് ഇനങ്ങൾ കുറുവങ്ങാട് വരകുന്ന് കുടുംബശ്രീ വനിതാ പരിശീലന കേന്ദ്രത്തിലുമാണ് സംഘടിപ്പിക്കുന്നത്.

കായിക മത്സരങ്ങൾക്ക് ഡിസംബർ രണ്ടിന് തുടക്കമാവും. 2 മുതൽ 6 വരെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. പങ്കെടുക്കാൻ താൽപര്യമുള്ളവർ എൻട്രി ഫോറം പൂരിപ്പിച്ച് നവംബർ 23 നുള്ളിൽ നഗരസഭയിൽ ഏൽപ്പിക്കണം.

Summary: Keralothsavam will begin on November 26 in Koyilandy Municipality