എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം; 44,363 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്; നാല് മണി മുതല്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും


കോഴിക്കോട്: എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു.

ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല കണ്ണൂരാണ്. വിജയ ശതമാനം ഏറ്റവും കുറവ് വയനാട്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ മലപ്പുറം ജില്ലയിലാണ്.

ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടായിരുന്നില്ല. വൈകിട്ട് നാലു മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം. 2961 പരീക്ഷാ കേന്ദ്രങ്ങളിലായി 4,26,469 വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിൽ 2,07,909 പേർ പെൺകുട്ടികളും 218560 ആൺകുട്ടികളുമാണുള്ളത്. 1,91,382 വിദ്യാർഥികൾ മലയാളം മീഡിയത്തിൽ പരീക്ഷ എഴുതി. എസ്എസ്എൽസി പ്രൈവറ്റ് വിഭാഗത്തിൽ 409 പേർ പരീക്ഷ എഴുതി. ഫോക്കസ് ഏരിയിൽനിന്ന് 30 ശതമാനവും പുറത്തുനിന്ന് 30 ശതമാനവും ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 70 ക്യാംപുകളിലാണ് മൂല്യനിർണയം നടന്നത്. 9722 അധ്യാപകര്‍ മൂല്യനിർണയത്തിനുണ്ടായിരുന്നു.


എസ്.എസ്.എൽ.സി ഫലം അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.