വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സഹായമില്ല, എയിംസില്ല; രണ്ട്‌ കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും ബജറ്റിൽ കേരളത്തിന് അവഗണന


ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത നിരാശ. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2 4,000 കോടിയുടെ സാമ്പത്തിക പാക്കേജ് കേരളത്തിനായി അനുവദിക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുള്‍പ്പെടെഒരു പദ്ധതിയോ പാക്കേജോ കേരളത്തിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് നിന്ന് രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കേരളത്തെ കേന്ദ്രം പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തത്‌.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പ്രത്യേക സഹായമായി 5000 കോടി, സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍വേ പ്രോജക്ടിന് വേഗത്തില്‍ അനുമതി, ജി.എസ്‌.ടിയിലെ കേന്ദ്ര-സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 60:40 എന്നത്‌ 50:50 ആയി പുനർനിർണയിക്കൽ, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ൽ നിന്ന് 75 ശതമാനമാക്കൽ, തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചാഗുഡ് റെയില്‍പാതകള്‍ക്കായുള്ള സര്‍വേകളും ഡി.പി.ആര്‍. തയ്യാറാക്കല്‍ തുടങ്ങിയവയെല്ലാം കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ ഒരു ആവശ്യങ്ങളും കേന്ദ്രം ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. മാത്രമല്ല കേരളത്തിലേക്കുള്ള എംയിസിനെ കുറിച്ചും ബജറ്റില്‍ പരാമര്‍ശം ഉണ്ടായിട്ടില്ല.

മോദി സര്‍ക്കാരിനെ മൂന്നാമതും തെരഞ്ഞെടുത്തതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അവതരിപ്പിച്ച ബജറ്റില്‍ ബീഹാറിനും ആന്ധ്രാപ്രദേശിനും നിരധി പദ്ധതികളും പാക്കേജുകളുമാണ് കേന്ദ്രം നല്‍കിയത്. അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ ധനസഹായം, പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് ബീഹാറിന് നല്‍കിയത്‌. ബീഹാറില്‍ ദേശീയപാത വികസനത്തിന് 26000കോടി രൂപയാണ് അനുവദിച്ചത്. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11500 കോടിയും അനുവദിച്ചു.

ആന്ധ്രാപ്രദേശില്‍ തലസ്ഥാന നഗരവികസനത്തിന് ധനസഹായം, 15000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചുണ്ട്. ഇതില്‍ ബംഗലുരു – ഹൈദരാബാദ് ഇന്‍ഡസ്ട്രിയല്‍ കോറിഡോറും കര്‍ഷകര്‍ക്ക് പത്യേക സഹായവും പ്രഖ്യപാനത്തിലുണ്ട്.