കുട്ടികൾക്കൊരു സങ്കടവാർത്ത; സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി, സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു


കൊച്ചി: കുട്ടികളുടെ അവധിക്കാല ക്ലാസുകൾ റദ്ദ് ചെയ്തുകൊണ്ടുള്ള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി.സർക്കാർ ഉത്തരവ് വരുന്ന രണ്ടാഴ്ചത്തെക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കടുത്ത വേനല്‍‌ ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.[mid]

ഇക്കഴിഞ്ഞ മെയ് നാലിനാണ് വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. എൽപി മുതൽ ഹയർ സെക്കൻഡറി വരെ സിബിഎസ്ഇ അടക്കമുള്ള എല്ലാ സ്കൂളുകളിലും അവധിക്കാല ക്ലാസുകള്‍ക്ക് നിരോധനെ ഏര്‍പ്പെടുത്തിയിരുന്നു.

വേനലവധിക്ക് കുട്ടികളെ  പഠനത്തിനും മറ്റ് ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  ഉത്തരവിൽ പറഞ്ഞത്. കൂടാതെ സ്കൂളുകൾ മാർച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തിൽ തന്നെ അടച്ച് ജൂൺ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ തന്നെ തുറക്കണമെന്നും ഉത്തരവില്‍ പ്രതിപാദിച്ചിരുന്നു.അവധിക്കാലത്ത് നിർബന്ധിച്ച് ക്ലാസുകളിലിരുത്തുന്നത് കുട്ടികളില്‍ മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്നും വേനൽ ചൂട് മൂലമുണ്ടാകുന്ന ഗുരുതര  ആരോഗ്യ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇവയെല്ലാം പരിഗണിച്ചായിരുന്നു ക്ലാസുകൾ നടത്തരുതെന്ന ഉത്തരവ് പ്രാബല്യത്തില്‍ വന്നത്.

വെക്കേഷൻ ക്ലാസുകള്‍ വിദ്യാർത്ഥികളുടെ ഗുണത്തിനാണെന്ന് നിരീക്ഷിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിനെതിരെയുള്ള  കോടതിയുടെ അടിയന്തര ഇടപെടല്‍. കൂടുതല്‍ വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെ ക്ലാസുകള്‍ തടയാനാവില്ലെന്നും വിഷയത്തില്‍ കോടതി വ്യക്തമാക്കി.