കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്; കനത്ത സുരക്ഷയില്‍ തെരഞ്ഞെടുപ്പ്


കോഴിക്കോട്:ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന്  പോളിങ്  ബൂത്തിലേക്ക്. കേരളത്തിലെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. 6,81,615 പുരുഷന്‍മാരും 7,40,246 സ്ത്രീകളും 22 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ 14,21,883 വോട്ടര്‍മാരാണുള്ളത്. രാവിലെ 5.30ഓടെ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്താനായി മോക്ക് പോള്‍ നടന്നു.

വൈകിട്ട് ആറ് മണി വരെയാണ് വോട്ടിംഗ് സമയം. എന്നാല്‍ നിശ്ചിത സമയത്ത് വോട്ടെടുപ്പ് തീര്‍ന്നില്ലെങ്കില്‍ ആറു മണിക്ക് ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കി അവരെ കൂടി വോട്ട് ചെയ്യാന്‍ അനുവദിക്കും. ഉത്തവണ ശക്തമായ സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ആകെ 141 പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. ഇതില്‍ 120 എണ്ണം വടകര ലോക്സഭാ മണ്ഡലത്തിലും 21 എണ്ണം കോഴിക്കോടുമാണ്. ഇതിന് പുറമെ വടകരയിലെ 43 ബൂത്തുകളഇല്‍ മാവോവാദി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ചൂട് കൂടുന്നതിന് മുമ്പ് തന്നെ വോട്ടര്‍മാരെ ബൂത്തിലേക്ക് എത്തിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് മുന്നണികള്‍. വോട്ടര്‍പട്ടികയില്‍ ചിലയിടങ്ങളില്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തട്ടിപ്പുകള്‍ തടയുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച എഎസ്ഡി മോണിറ്റര്‍ ആപ്പിന്റെ സേവനം ബൂത്തുകളില്‍ ഉണ്ട്. ഒപ്പം കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഇലക്ഷന്‍ പ്രഖ്യാപനത്തിന് മുമ്പ് തന്നെ കേരളം ഉറ്റുനോക്കിയ മണ്ഡലമാണ് വടകര. അവസാന ലാപ്പില്‍ കെ.മുരളീധരനെ മാറ്റി ഷാഫി പറമ്പിലിനെ വടകരയില്‍ ഇറക്കിയപ്പോള്‍ തന്നെ വടകരയില്‍ രാഷ്ട്രീയ അങ്കത്തിന് തിരി തെളിഞ്ഞിരുന്നു. പിന്നാലെ വടകര കണ്ടത് മുന്നണികളുടെ ഇഞ്ചോടിഞ്ച് പ്രചാരണങ്ങളായിരുന്നു.

കേരളത്തിനൊപ്പം കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13, ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും 8 വീതം, മധ്യപ്രദേശില്‍ 6, ബിഹാറിലും അസമിലും 5 വീതം, ചത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും മൂന്ന് വീതം, ത്രിപുര, ജമ്മുകാശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങള്‍ വീതവുമാണ് രണ്ടാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുന്നത്.