‘കുട്ടിയെ കണ്ടെത്തി വിനീഷിൻ്റെ വീട്ടുകാരെ ഏൽപ്പിക്കണം’; കീഴരിയൂരിൽ യുവതി കാമുകനൊപ്പം നാടുവിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് യു.ഡി.എഫ്
കീഴരിയൂർ: പെരുവാലിശ്ശേരി മീത്തൽ വിനീഷിൻ്റെ ഭാര്യ തിക്കോടി സ്വദേശിയായ ചെറുവത്ത് മീത്തൽ ആര്യ (24) രണ്ടര വയസ് പ്രായമുള്ള ആൺകുഞ്ഞുമായി വീട്ടിൽ നിന്ന് ഒളിച്ചോടിയിട്ട് രണ്ടാഴ്ച ആയിട്ടും പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ നാട്ടുകാർക്ക് പരാതി. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് യു.ഡി.എഫ് കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മലപ്പുറം കാടാമ്പുഴ മേൽമുറി ചക്കിയാം കുന്നത്ത് അഭിഷേക് എന്ന ഇരുപത് കാരനോടെപ്പമാണ് ആര്യ നാടുവിട്ടത്. ഇവരെ കണ്ടെത്തുന്ന കാര്യത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അടിയന്തരമായി രണ്ടര വയസ് മാത്രം പ്രായമുള്ള കുട്ടിയെ കണ്ടെത്തി വിനീഷിൻ്റെ വീട്ടുകാരെ ഏൽപ്പിക്കണമെന്നും കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
തിക്കോടി ഇരുപതാം മൈലിലായിരുന്നു ആര്യയും കുടുംബവും നേരത്തെ താമസിച്ചിരുന്നത്. മറ്റൊരാളുടെ കൂടെ മകനേയും കൂട്ടി ഭാര്യ വീട് വിട്ട് പോയതറിഞ്ഞ വേദനയിൽ വിദേശത്ത് ജോലി ചെയ്തു കൊണ്ടിരുന്ന ആര്യയുടെ ഭർത്താവ് പെരുവാലിശ്ശേരി മീത്തൽ വിനീഷ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു.
ചെറിയ കുട്ടിയെ കൂടെ കൂട്ടിയതിൽ ദുരൂഹതയുണ്ടെന്നും അപായപ്പെടുത്താൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി അന്വേഷണം നടത്തി കണ്ടു പിടിക്കണമെന്നും ആവശ്യപ്പെട്ട് വിനീഷിൻ്റെ വീട്ടുകാർ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ട് ദിവസങ്ങളേറെ കഴിഞ്ഞിട്ടും അനേഷണത്തിൽ പുരോഗതി ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. പോലീസ് അന്വേഷണത്തിൽ വന്നു പെട്ട അലംഭാവം മാറ്റി ഊർജിത നടപടിയുണ്ടാകണമെന്ന് കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സർക്കാറിനോടും ആഭ്യന്തര വകുപ്പിടും ആവശ്യപ്പെട്ടു.
യു.ഡി.എഫ് ചെയർമാൻ ടി.യു.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ഇടത്തിൽ ശിവൻ, ഒ.കെ കുമാരൻ, കെ.കെ ദാസൻ, കുന്നുമ്മൽ റസാക്ക്, ടി.എ.സലാം, പി.കെ.ഗോവിന്ദൻ, ടി.കെ.ഗോപാലൻ, പി.എം. അശോകൻ എന്നിവർ പ്രസംഗിച്ചു.
Also Read: നടുവത്തൂരിൽ നിന്ന് യുവതിയെയും രണ്ടര വയസ്സുള്ള മകനെയും കാണാനില്ലെന്ന് പരാതി