മൂന്നാംക്ലാസ് മുതലുളള പരിശീലനം; 20 മിനുട്ടില്‍ അഞ്ച് കഥാപാത്രങ്ങള്‍ ഏകാഭിനയത്തില്‍ രേവമ്മയായി അരങ്ങ് തകര്‍ത്ത് മേപ്പയ്യൂര്‍ സ്വദേശിനി കൗമുദി കളരിക്കണ്ടി


മേപ്പയ്യൂര്‍: ഏകാഭിനയത്തില്‍ നിറഞ്ഞാടി മേപ്പയ്യൂര്‍ വിളയാട്ടൂര്‍ സ്വദേശിനി കൗമുദി കളരിക്കണ്ടി. എഴുത്തുകാരി സുധാമേനോന്റെ ചരിത്രം ‘അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന കൃതിയെ ഉപജീവിച്ച് രമേഷ് കാവില്‍ എഴുതിയ ‘രേവമ്മ പറയുന്നത് ‘എന്ന ഏകപാത്ര നാടകത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുകയാണ് കൗമുദി.

വിധവയായ കര്‍ഷക സ്ത്രീയുടെ കഥപറയുന്ന നാടകത്തില്‍ ശക്തയായ രേവമ്മ എന്ന കഥാപാത്രത്തോടൊപ്പം അഞ്ചോളം കഥാപാത്രങ്ങളെക്കൂടിയാണ് കൗമൂദി അരങ്ങില്‍ തകര്‍ത്തത്. ഈ നാടകത്തിലെ അഭിനയത്തിന് വി. ശിവശങ്കരന്‍ സ്റ്റാരക ജൂറി പുരസ്‌ക്കാരത്തിനും കൗമുദി അര്‍ഹയായി. മൂന്നാംക്ലാസ് മുതലാണ് കൗമുദി ഏകാഭിനയ പരിശീലനത്തിലേയ്ക്ക് ചുവട്വയ്ക്കുന്നത്. പിന്നീടങ്ങോട്ട് സ്‌കൂള്‍തലത്തില്‍ തുടങ്ങി സംസ്ഥാന തലത്തില്‍ വരെ ഏകാഭിനയത്തില്‍ മത്സരാര്‍ത്ഥിയായിരുന്നു.

വെറും അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ഈ നാടകത്തിലെ അഞ്ച് കഥാപാത്രങ്ങളുടെയും സംഭാഷണവും അഭിനയനവും മെരുക്കിയെടുക്കാനായി കൗമുദിക്ക് വേണ്ടി വന്നതെന്ന് നാടക സംവിധായകന്‍ സത്യന്‍ മുദ്ര കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മൂന്നാംക്ലാസ് മുതല്‍ പരിശീലനം ആരംഭിച്ചതിനാല്‍ അവള്‍ക്ക് കഥാപാത്രങ്ങളെ ഉള്‍ക്കൊളളാനും ഭംഗിയോടെ അവതരിപ്പിക്കാനും സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരപ്പനങ്ങാടി നവജീവന്‍ വായനശാലയിലാണ് നാടകം ആദ്യം അവതരിപ്പിച്ചത്. 20 മിനുട്ട് ദൈര്‍ഘ്യമുളള നാടകത്തില്‍ ആറ് കഥാപാത്രങ്ങളെ ജീവിച്ചുകാണിക്കുകയായിരുന്നു കൗമുദി. കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച 101 രാവുകള്‍ എന്ന നാടകത്തിന് മികച്ച നടിയായും കൗമുദി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16 നാടകങ്ങളെ പിന്‍തളളിയാണ് ഈ മുന്നേറ്റം. സത്യന്‍ മുദ്ര സംവിധാനവും രഞ്ജീഷ് ആവള സംഗീതവും നിര്‍വഹിച്ചിരിക്കുന്ന നാടകത്തിലെ അഭിനയത്തിനാണ് കൗമുദി ജൂറി പുരസ്‌ക്കാരം നേടിയത്.

സ്‌കൂള്‍ തല മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ മത്സരിക്കുകയും മൂന്ന് തവണ സംസ്ഥാന തലത്തില്‍ മോണോ ആക്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു കൗമുദി. ഡോ കൃഷ്ണനുണ്ണിയുടെ സ്മരണാര്‍ത്ഥം നടത്തിയ സംസ്ഥാന തല മോണോ ആക്ട് മത്സരത്തില്‍ ഉജ്ജ്വലം ഉണ്ണി പുരസ്‌ക്കാരം, കണ്ണൂര്‍ സ്‌നേഹകൂടാരം ഏകപാത്രനാടകത്തില്‍ സംസ്ഥാനതലത്തില്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മേപ്പയ്യൂര്‍ വിളയാട്ടൂര്‍ കളരിക്കണ്ടി ശശി- സതി ദമ്പതികളുടെ മകളായ കൗമുദി പാലാ സെയ്ന്റ് തോമസ് കോളേജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. മകളുടെ ഈ നേട്ടങ്ങളില്‍ അതിയായ സന്തോഷമുണ്ടെന്ന് അച്ഛന്‍ ശശി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.