കുറുക്കുവഴികളുമായി പതിയിരിക്കുന്ന ലഹരി മാഫിയക്കെതിരെ കരുതിയിരിക്കണം; ജാഗ്രതാസേനയ്ക്ക് രൂപം നല്‍കി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം
കൊയിലാണ്ടി: ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ജാഗ്രതാ സേനക്ക് രൂപം നല്‍കി. ലഹരി ഉപയോഗം, ഉപഭോഗം എന്നിവയ്ക്കെതിരെ സജീവ ഇടപെടല്‍ നടത്താന്‍ 70 പേരടങ്ങുന്ന വളണ്ടിയര്‍ സേനയെയാണ് രൂപീകരിച്ചത്. ജാഗ്രതാ സേനാ വളണ്ടിയർമാർ ലഹരി വിരുദ്ധ ദീപമാല തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു.
പുതു തലമുറയെ വഴി തെറ്റിക്കുന്നതിനായി കുറുക്കുവഴികളുമായി പതിയിരിക്കുന്ന ലഹരി മാഫിയക്കെതിരെ ആബാല വൃദ്ധം ജനങ്ങളും കരുതിയിരിക്കണമെന്ന് ജാഗ്രതാ സേനയുടെ രൂപീകരണ വേളയില്‍ കെ.ഭാസ്കരൻ മാസ്റ്റർ പറഞ്ഞു. നമ്മുടെ ദൈനം ദിന ജീവിത സാഹചര്യങ്ങളിലേക്ക് ഏതു നിമിഷവും കടന്നു വരാൻ ലഹരി മാഫിയ നിരന്തരം നടത്തുന്ന ശ്രമങ്ങളെ നിസ്സാരമായി കാണരുതെന്നും സന്ധിയില്ലാത്ത സമര മാർഗ്ഗത്തിലൂടെ മാത്രമേ ഈ അവസ്ഥക്ക് അറുതി വരുത്താനാവുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സോമൻ, ബോധി പ്രസിഡണ്ട് എൻ.വി.സദാനന്ദൻ, സെക്രട്ടറി വിപിൻദാസ്, ലൈബ്രേറിയൻ ഗീത കെ.കെ. എന്നിവർ ചടങ്ങില്‍ സംസാരിച്ചു.
kanjilassery bodhi granthalaya formed a vigilance force as part of anti-drug programs