‘കൊല്ലം ചിറയെന്നത് നാടിന്റെ പൊതു സ്വത്താണ്, അനുവദിച്ച നാലു കോടിയിൽ ഒരു പൈസ പോലും വെട്ടിക്കുറയ്ക്കാനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്’; കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണത്തിനനുവദിച്ച ഫണ്ട് കുറയ്ക്കാനുള്ള നീക്കത്തിനെതിരെ കാനത്തിൽ ജമീല എം.എൽ.എ


കൊയിലാണ്ടി: ഏത് വേനലിലും വറ്റാതെ ജനങ്ങൾക്ക് ആശ്വാസമായിരുന്ന കൊല്ലം ചിറ ഇന്ന് നാടിൻറെ വികസന സ്വപ്നമാണ്, കൃത്യമായ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങളും പൂർത്തിയായി. എന്നാൽ രണ്ടാം ഘട്ടം പ്രവർത്തനങ്ങൾക്കുള്ള അനുമതി തടഞ്ഞ് ഉദ്യോഗസ്ഥർ. ഇതിനായി അനുവദിച്ച നാലു കോടി രൂപയുടെ ആവശ്യം ഇല്ല എന്നായിരുന്നു അവരുടെ പ്രതികരണം. ഇതിനെതിരെ പ്രതികരിച്ച് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുന്നു.

കൊല്ലം ചിറയെന്നത് നാടിന്റെ പൊതു സ്വത്താണ്. എല്ലാ ആളുകളും മുങ്ങിക്കുളിക്കുന്ന ഇടമാണ്. ഇപ്പോള്‍ നിരവധി ആളുകളെ ആകര്‍ഷിക്കുന്ന വളരെ മനോഹരമായ കേന്ദ്രമാണ്. ഫണ്ട് വെട്ടിക്കുറക്കരുതെന്നും നാലു കോടി തന്നെ അനുവദിക്കണമെന്നും ഒരുപൈസപോലും വെട്ടിക്കുറക്കാനാവില്ലെന്നും ഇന്നലെ ജില്ലാ ഡവലപ്പ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ അറിയിച്ചിട്ടുണ്ട്.” കാനത്തിൽ ജമീല കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു.

കെ.ദാസന്‍ കൊയിലാണ്ടി എം.എല്‍.എയായിരിക്കെ 2020-21ലെ ബജറ്റിലാണ് വിനോദസഞ്ചാര രംഗത്തെ വികസനം ലക്ഷ്യമിട്ട് കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണത്തിനായി നാലുകോടി രൂപ നീക്കിവെച്ചത്. രണ്ടാംഘട്ടത്തിനായി നാലുകോടി ചെലവാക്കേണ്ടതില്ലെന്നും 2.5 കോടി രൂപയ്ക്ക് താഴെയായി എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കണമെന്നുമുള്ള ടൂറിസം ഡപ്യൂട്ടി ഡയറക്ടറുടെ നിലപാടാണ് കൊല്ലം ചിറയുടെ വികസന സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായിരിക്കുന്നത്.

‘ കുളത്തിനു ചുറ്റും കോമ്പൗണ്ട് വാളും അതിന്റെ സൈഡില്‍ വാക്ക് വേയും ഡി.പി.ആറില്‍ നല്‍കിയിട്ടുണ്ട്. ഇന്നത്തെ തിരക്കുപിടിച്ച സാഹചര്യത്തില്‍ റോഡില്‍ കൂടെ ആര്‍ക്കും നടക്കാന്‍ പറ്റില്ല. അതിനാല്‍ വ്യായാമത്തിനെത്തുന്നവര്‍ക്ക് കൂടി ഉപകരിക്കുംവിധം വാക്ക് വേയും ജിമ്മും വെച്ചുകൊണ്ടാണ് പദ്ധതി കൊടുത്തിട്ടുള്ളത് എന്ന് കാനത്തിൽ ജമീല പറഞ്ഞു.

”ടൂറിസം ഡപ്യൂട്ടി ഡയറക്ടറും കലക്ടറും വന്ന് ഈ പ്രദേശം കാണണമെന്നാണ് എം.എല്‍.എയെന്ന രീതിയില്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടത്. അവര്‍ വന്ന് നോക്കിയിട്ട് ചിറയെപ്പറ്റിയും കൊയിലാണ്ടിയെപ്പറ്റിയും മനസിലാക്കണം, കൊല്ലം മേഖലയെക്കുറിച്ചും അവിടുത്തെ ഭൂമിശാസ്ത്രത്തെക്കുറിച്ചും പഠിക്കണം, ടൂറിസം പ്രാധാന്യത്തെക്കുറിച്ചും മനസിലാക്കി തീരുമാനമെടുക്കാനാണ് ആവശ്യപ്പെട്ടത്.” എം.എല്‍.എ വ്യക്തമാക്കി.

കൊയിലാണ്ടിക്കാർക്ക് വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാൻ മികച്ച ഇടമാണിത്. ദിനം പ്രതി നിരവധി പേരാണ് ഇവിവിടെ എത്തുന്നത്. ഇത് കൂടാതെ നീന്തൽ പരിശീലത്തിനും ശരളം പേരെത്തുന്നുണ്ട്. ഇവിടം വികസന സാധ്യതയുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് എന്നുറപ്പിന്റെ പേരിലാണ് രണ്ടാം പ്രവർത്തിക്ക് ഒരുങ്ങിയത്. എന്നാല്‍ നാലുകോടി രൂപയെന്നത് അനാവശ്യ ചെലവാണെന്ന നിലപാടാണ് ടൂറിസം ഡയറക്ടര്‍ സ്വീകരിച്ചിരിക്കുന്നത്.

ബജറ്റില്‍ നാലുകോടിയുടെ പ്രോജക്ട് അനുവദിച്ചതിനൊപ്പം 20% തുക നീക്കിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കെ.ദാസന്‍, ക്ഷേത്രം ട്രസ്റ്റിബോര്‍ഡ് അംഗങ്ങള്‍, ദേവസ്വം, മുനിസിപ്പാലിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗം ചേര്‍ന്ന് പ്രവൃത്തിയുടെ ഡി.പി.ആര്‍ തയ്യാറാക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് ഊരാളുങ്കല്‍ സൊസൈറ്റി ഡി.പി.ആര്‍ തയ്യാറാക്കുകയും ഇത് ഭരണാനുമതിയ്ക്കായി സമർപ്പിക്കുന്നതിനായാണ് ജില്ലാ ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറിയത്.

ടൈലുവെച്ച നടപ്പാത, ഇരിപ്പിട സൗകര്യങ്ങള്‍, ലൈറ്റിങ്, കുട്ടികളുടെ പാര്‍ക്ക്, ഓപ്പണ്‍ ജിം, കുളിക്കടവുകള്‍ എന്നിവയാണ് ഡിപി.ആറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വൈകുന്നേരങ്ങളില്‍ കുടുംബത്തോടെ അല്പം സമയം ചെലവിടാനാഗ്രഹിക്കുന്നവര്‍ക്കും നീന്തല്‍ പരിശീലനത്തിനും മറ്റും ചിറയില്‍ എത്തുന്നവര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടും കോഴിക്കോടിന് മാനാഞ്ചിറയെന്നപോലെ കൊയിലാണ്ടിയ്ക്ക് കൊല്ലം ചിറയെന്ന തരത്തില്‍ ഈ മേഖലയെ വികസിപ്പിക്കാന്‍ പദ്ധതിയിട്ടുമുള്ളതായിരുന്നു ഡി.പി.ആര്‍.

പതിനെട്ടാം നൂറ്റാണ്ടിലാണ് പിഷാരികാവ് ക്ഷേത്രത്തിനായി കൊല്ലം ചിറ നിർമ്മിച്ചത്. കൊല്ലം, പന്തലായനി, മൂടാടി ഭാഗങ്ങളിലെ ചെറുകുളങ്ങളും കിണറുകളും വെള്ളം വറ്റാതെ നിലനിന്നത് ചിറയുടെ കാരുണ്യമായിരുന്നു. തീർത്ഥാടകർക്കും ഇത് വലിയ ഉപകാരിയായി. ചിറയുടെ കൽപടവുകൾ ഇടയുകയും ചെളിയും താമര വള്ളിയും കൊണ്ട് നിറയുകയും ചെയ്തതോടെയാണ് വെള്ളം മലിനമാകുകയും വെള്ളത്തിന്റെ അളവ് ഗണ്യമായി കുറയുകയും ചെയ്തത്. ഇതോടെ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത് കുറയുകയായിരുന്നു.കെ ദാസൻ എം.എൽ.എ യുടെ നേതൃത്വത്തിലായിരുന്നു ഇതിനു പുനർ ജീവൻ നൽകാനായില്ല പ്രവത്തനങ്ങൾ ആരംഭിച്ചത്.