”ഞങ്ങളെയൊക്കെ അതിശയിപ്പിച്ച അതേ പഹല്‍ഗാമാണ് ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും ഭീതിപ്പെടുത്തുന്ന ഓര്‍മ്മയായത്”; ഭീകരാക്രമണത്തിന് മണിക്കുറുകള്‍ മുമ്പ് അവിടെ ചിലവഴിച്ച അനുഭവം പങ്കിട്ട് കൊയിലാണ്ടിയിലെ കെ.ഷിജുമാസ്റ്റര്‍


Advertisement

”മനോഹരമായ ഒരുപിടി കാഴ്ചകള്‍, അനുഭവങ്ങള്‍, നല്ല കുറേ ഓര്‍മ്മകള്‍ ഏറെ ആഗ്രഹിച്ച ഒരു നാടിനെ തൊട്ടറിഞ്ഞ സന്തോഷം ഇതൊക്കെ മനസിലേറ്റി കശ്മീരില്‍ നിന്നും തിരിച്ചെത്തിയതാണ് ഞങ്ങള്‍. വീടെത്തി യാത്രയുടെ മധുരമായ ഓര്‍മ്മകള്‍ അയവിറക്കും മുമ്പേ അറിഞ്ഞത് അവിടെ നടന്ന ഭീകരാക്രമണ വാര്‍ത്തയാണ്. ഞങ്ങളവിടംവിട്ട് ഒരു രാത്രി വെളുക്കുംമുമ്പുതന്നെ അത് ഏവരേയും ഭീതിപ്പെടുത്തുന്ന ഒരു ഇടമായി മാറി. മനസില്‍ യാത്ര നല്‍കിയ ആനന്ദം മാറി, ഒരുതരം ഭീതിയായിരുന്നു..” ചൊവ്വാഴ്ച ഭീകരാക്രമണം നടന്ന കശ്മീരിലെ പഹല്‍ഗാം സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മകളിലാണ് കൊയിലാണ്ടി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കെ.ഷിജുമാസ്റ്റര്‍.

Advertisement

”ഞാനവിടെ കണ്ട മനുഷ്യരെക്കുറിച്ചാണ് ഓര്‍ത്തത്. വ്യാപാരികള്‍, തദ്ദേശവാസികള്‍, കുടുംബവുമൊത്തും കൂട്ടുകാരുമൊത്തും നല്ലൊരു അവധിക്കാലം പ്രതീക്ഷിച്ച് പല പല ദിക്കുകളില്‍ നിന്നായി അവിടെയെത്തിയ വിനോദസഞ്ചാരികള്‍. അവിടെ എല്ലാവരുടേയും മുഖത്ത് സന്തോഷം മാത്രമായിരുന്നു. കശ്മീരില്‍ ഭീകരാക്രമണ ഭീതിയകന്നതോടെ വിനോദ സഞ്ചാര മേഖല അഭിവൃദ്ധി പ്രാപിച്ചതും അതോടെ തദ്ദേശവാസികള്‍ക്ക് മെച്ചപ്പെട്ട വരുമാനവഴി തുറന്നതുമൊക്കെയായിരുന്നു അവിടെ കേട്ട കഥകള്‍. പക്ഷേ എല്ലാം പെട്ടെന്ന് മാറിമറിഞ്ഞു.”

” ഏറെ മലനിരകളുള്ള പ്രദേശമാണ് പഹല്‍ഗാം. യാത്രയ്ക്കായി കൂടുതലായി കുതിരകളെയാണ് ഉപയോഗിക്കുന്നത്. കല്ലും മലയും താണ്ടി സഞ്ചാരികളെ കൊണ്ടുപോകാന്‍ കുതിരകളാണ് ബെസ്റ്റ്. വാഹനങ്ങള്‍ ഇല്ലെന്നല്ല, വളരെ കുറവാണ്. വിനോദ സഞ്ചാരികളുമായി കുതിരകള്‍ക്ക് പോകാന്‍ പ്രത്യേക വഴികള്‍ തന്നെ ഇവിടെയുണ്ട്. ഈ ഭൂപ്രകൃതിയാവാം ഇവിടെ ഭീകരാക്രമണത്തിന് തെരഞ്ഞെടുക്കാനും പ്രേരണയായത്.”

Advertisement

” മലയാളികളോട് അവിടുത്തുകാര്‍ക്ക് വല്ലാത്തൊരിഷ്ടമുള്ളതായി തോന്നി. ഇവിടുത്തെ മതനിരപേക്ഷത തന്നെയാവാം അതിന് കാരണം. പരിചയപ്പെട്ട ഒരു വ്യാപാരി ഞങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന് മനസിലായപ്പോള്‍ വര്‍ക്കലയിലുള്ള തന്റെ സ്ഥാപനത്തെപ്പറ്റി വാതോരാതെയാണ് ഞങ്ങളോട് സംസാരിച്ചത്. ഇവിടുത്തെ മത സാഹോദര്യത്തെക്കുറിച്ചും അദ്ദേഹത്തിന് പറയാന്‍ ഒരുപാടുണ്ടായിരുന്നു.”

”ഞാനും കുടുംബവും എന്റെ കൂട്ടുകാരനും കുടുംബവുമായിരുന്നു എട്ടംഗസംഘത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് ദിവസത്തെ യാത്രയാണ്. ടൂര്‍ പാക്കേജെടുത്താണ് പോയത്. പഹല്‍ഗാം മാത്രമല്ല ഗുല്‍മാര്‍ഗും സോന മാര്‍ഗും ദാല്‍ ലെയ്ക്കും മുഗള്‍ പാര്‍ക്കുമെല്ലാം മനസിനെ ഏറെ സ്വാധീനിച്ചിരുന്നു. ഏവരേയും അതിശയിപ്പിക്കുന്ന പ്രകൃതി ഭംഗിയാണ്.”

Advertisement

‘ പുല്‍വാമ സന്ദര്‍ശിച്ചപ്പോള്‍ അവിടെ 6 വര്‍ഷം മുമ്പ് നടന്ന ഭീകരാക്രമണത്തെക്കുറിച്ച് അവരുമായി സംസാരിച്ചപ്പോള്‍ മനസിന് ഏറെ വേദന തോന്നിയിരുന്നു. അപ്പോഴും ഇപ്പോഴത്തെ കശ്മീരിലെ സമാധാന അന്തരീക്ഷവും പ്രകൃതി ഭംഗിയുമെല്ലാം വലിയ ആശ്വാസം പകര്‍ന്നു. അവിടെയെത്തിയ ആളുകളെയെല്ലാം അതിശയിപ്പിച്ച അതേ നാടിനെയാണ് ചിലര്‍ ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും ഭീതിപ്പെടുത്തുന്ന ഓര്‍മ്മയാക്കി മാറ്റിയത്.”