കെ.മുരളീധരന് നല്‍കിയത് 21000ലേറെ വോട്ടിന്റെ ലീഡ്, കൊയിലാണ്ടി ഇത്തവണ ആര്‍ക്കൊപ്പം, ഷാഫിയ്‌ക്കോ, ശൈലജ ടീച്ചർക്കോ? കൊയിലാണ്ടി മണ്ഡലത്തിന്റെ ചരിത്രം അറിയാം



കൊയിലാണ്ടി: വടകര ലോക്സഭാ മണ്ഡലത്തിന്റെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്ര എളുപ്പത്തില്‍ കയറാന്‍ ആവുന്ന കരയല്ല വടകരയുടേത്. വീറും വാശിയും നിറഞ്ഞ മറ്റൊരു തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വടകര എത്തിനില്‍ക്കുകയാണ്. മണ്ഡലം എങ്ങോട്ട് ചിന്തിക്കും എന്നത് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. എങ്ങോട്ടുവേണമെങ്കിലും ചായാം എന്ന അവസ്ഥയിലാണ്. മണ്ഡലത്തിന്റെ ഭാഗമായ കൊയിലാണ്ടി നിയമസഭാ മണ്ഡലം വടകരയില്‍ ആര്‍ക്കൊപ്പം നില്‍ക്കും? കൊയിലാണ്ടിയുടെ ചരിത്രം നോക്കാം.

കൊയിലാണ്ടി, പയ്യോളി എന്നീ നഗരസഭകളും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കൊയിലാണ്ടി നിയമസഭാ മണ്ഡലം. 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. 1960ലും അദ്ദേഹത്തെ തന്നെയാണ് മണ്ഡലം തെരഞ്ഞെടുത്തത്. 1967ലെ തെരഞ്ഞെടുപ്പില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പി. കുഞ്ഞിരാമന്‍ കിടാവ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. പിന്നീട് 1970 മുതല്‍ 1991വരെ മണ്ഡലം കോണ്‍ഗ്രസിന് സ്വന്തമായിരുന്നു. 1970ലും 1977 ലെയും തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇ. നാരായണന്‍ നായരും 1980ലും 1982ലും മണിമംഗലത്ത് കുട്ട്യാലിയും 1987ലും 1991ലും എം.ടി പത്മയും വിജയിച്ചു.

നീണ്ട 26 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച കൊയിലാണ്ടി നിയമസഭാമണ്ഡലം 1996ലെ തെരഞ്ഞെടുപ്പില്‍ പി.വിശ്വനിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുത്തു. തുടര്‍ന്ന് 2001ല്‍ കോണ്‍ഗ്രസിന്റെ പി.ശങ്കരന്‍ മണ്ഡലം തിരിച്ചു പിടിച്ചു. എന്നാല്‍ ശങ്കരന്‍ 2005 ജൂലൈ അഞ്ചിന് രാജിവെച്ചതോടെ കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്നും ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തു. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പി.വിശ്വന്‍ വീണ്ടും മത്സരിച്ച് വിജയിച്ചു. തുടര്‍ന്ന് 2011ലും 2016ലും സി.പി.എമ്മിന്റെ കെ.ദാസന്‍ മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.

1,36,394 വോട്ട് രേഖപ്പെടുത്തിയ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ എ.പി അനില്‍ കുമാറിനെ 4,139 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എല്‍.ഡി.എഫിന്റെ കെ.ദാസന്‍ വിജയിച്ചത്. ബി.ജെ.പി കേവലം 8,086 വോട്ടുകള്‍ മാത്രമാണ് നേടിയത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സുബ്രഹ്‌മണ്യനെ 13,369 വോട്ടുകള്‍ തോല്‍പ്പിച്ച് സിറ്റിങ് സീറ്റ് എം.എല്‍.എ കെ.ദാസന്‍ സീറ്റ് നിലനില്‍ത്തി. ആകെ 1,53,667 പേര്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പില്‍ കെ ദാസന്‍ 70,593 വോട്ടുകള്‍ നേടി. എന്‍ സുബ്രഹ്‌മണ്യന്‍ 57,224 വോട്ടുകളും ബിജെപിയുടെ കെ.രജിനേഷ് ബാബു 22,087 വോട്ടുകളും നേടി.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 8472 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിലെ കാനത്തില്‍ ജമീല വിജയിച്ചത്. ജമീല 75628 വോട്ടുകളും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ 67156 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്‍ 17555 വോട്ടുകളും നേടി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി:

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടുപതിറ്റാണ്ടിലേറെ എല്‍.ഡി.എഫിനൊപ്പമാണെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന കൊയിലാണ്ടി മണ്ഡലത്തെയാണ് നമുക്ക് കാണാനാവുക. എല്‍.ഡി.എഫിന് വടകര മണ്ഡലം നഷ്ടമായ 2009ലും 2014ലും 2019ലുമെല്ലാം കൊയിലാണ്ടിയും യു.ഡി.എഫിനൊപ്പമായിരുന്നു.

2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയില്‍ നിന്നും 62371 വോട്ടുകള്‍ നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എന്‍.ഷംസീര്‍ 55745 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി 14093 വോട്ടുകളും നേടി. 6626 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുല്ലപ്പള്ളി കൊയിലാണ്ടിയില്‍ നിന്നും നേടിയത്.

2019ല്‍ യു.ഡി.ഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ 21,045 വോട്ടുകളുടെ ഭൂരിപക്ഷമാണ് കൊയിലാണ്ടിയില്‍ നിന്ന് മാത്രമായി നേടിയത്. മുരളീധരന്‍ 79800ഉം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജന്‍ 58755ഉം ബി.ജെ.പിയുടെ വി.കെ.സജീവന്‍ 16588ഉം വോട്ടുകളാണ് കഴിഞ്ഞതവണ നേടിയത്.

ഇത്തവണ വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും തമ്മിലാണ് പ്രധാന മത്സരം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പ്രഫുല്‍ കൃഷ്ണയും മത്സര രംഗത്തുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയ ഭൂരിപക്ഷം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മറുപക്ഷത്തേക്ക് പോകുന്ന പതിവ് ഇത്തവണ ആവര്‍ത്തിക്കില്ലെന്ന വിശ്വാസത്തിലുമാണ് ഇടതുപക്ഷം. അതേസമയം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയുടെ മുന്‍കാല ചരിത്രം യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നതാണ്. ഈ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി പഴയ ചരിത്രം ആവര്‍ത്തിക്കുമോ അതോ ഇത്തവണ പുതുചരിത്രം രചിക്കുമോയെന്ന് കാത്തിരുന്ന് കാണാം.