‘അവളുടെയും ഉമ്മയുടെയും തട്ടവും വസ്ത്രവും കണ്ട് പഞ്ചാബി ബ്രാഹ്മണ പെൺകുട്ടി അസ്വസ്ഥയായി, ഹോസ്റ്റൽ റൂം മാറണമെന്ന് ആവശ്യപ്പെട്ടു’; യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് അരിക്കുളം സ്വദേശി


അരിക്കുളം: മുസ്ലീമായതിന്റെ പേരിൽ പെങ്ങളുടെ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് അരിക്കുളം സ്വദേശി സ്വാലിഹ്. ബ്ലാ​ഗ്ലൂരിലെ ഇന്ത്യയിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നിൽ പഠനത്തിനായി ചേർന്ന സഹോദരിയുടെ മകൾ ഹന്നയ്ക്കാണ് പഞ്ചാബി ബ്രാഹ്മിൻ പെൺകുട്ടിയിൽ നിന്നും മോശം അനുഭവം നേരിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വാലിഹ് ഇക്കാര്യം പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പെങ്ങളുടെ മകൾ ഹന്നയെ രണ്ടാഴ്ച മുമ്പാണ് ബാംഗ്ലൂരിൽ കൊണ്ടുപോയി ഡിഗ്രിക്ക് ചേർത്തത്. ഇന്ത്യയിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നിൽ പഠിക്കണമെന്നത് അവളുടെ ആഗ്രഹമായിരുന്നു .

സംഗതി നടക്കുന്നത് അവളുടെ ഹോസ്റ്റലിൽ ആണ്. റൂമിൽ അവൾക്ക് മുമ്പേ അഡ്മിഷനെടുത്ത ഒരു പഞ്ചാബി ബ്രാഹ്മിൻ പെൺകുട്ടിക്ക് അവളുടെയും അഡ്മിഷന് ചെന്ന ഉമ്മയുടെയും തട്ടവും വേഷവും കണ്ടപ്പോൾ ആകെ അസ്വസ്ഥത. അവർ പുറത്തേക്കിറങ്ങിയപ്പോൾ, മറ്റൊരു റൂം മേറ്റ് ആയ ചന്ദന എന്ന കുട്ടിയോട് ഇവരെക്കുറിച്ച് ആന്വേഷിച്ചത്രേ ! മുസ്ലിം ആണെന്നും കേരളത്തിൽ നിന്നുള്ളതാണെന്നും അറിഞ്ഞപ്പോൾ ആ പഞ്ചാബി പെൺകുട്ടി ആകെ അസ്വസ്ഥയായി വീട്ടിൽ വിളിച്ചു. ഇത്തരമൊരാൾക്കൊപ്പം റൂം ഷെയർ ചെയ്യാൻ വീട്ടുകാർക്കും താല്പര്യമില്ലായിരുന്നു.

അങ്ങനെ ചന്ദനയോടും മറ്റൊരു റൂം മേറ്റും മലയാളിയുമായ വൈഷ്ണവിയോടും, നമുക്ക് റൂം ഷെയർ ചെയ്യാമെന്നും ആ മുസ്ലിം കുട്ടിയെ മറ്റൊരു റൂമിലേക്ക് മാറ്റിക്കൂടെ എന്നും അവൾ അഭിപ്രായം തേടി. പക്ഷെ, ചന്ദനയും വൈഷ്ണവിയും ഹന്നക്കൊപ്പം റൂം ഷെയർ ചെയ്യാനാണ് താൽപ്പര്യം എന്നറിയിച്ചു. അതോടെ ആ പഞ്ചാബി പെൺകുട്ടി മറ്റൊരു റൂമിലേക്ക് മാറിയത്രെ !

ഇത്തരമൊരു സമീപനത്തിന് സുഹൃത്തുക്കൾ, കാരണം ചികഞ്ഞപ്പോൾ മനസ്സിലായത്, പാരമ്പര്യമായി മുസ്ലിംകളോടുള്ള ഒരു അന്യതാബോധം ആ കുട്ടിക്ക് പകർന്നു കിട്ടിയിരുന്നു എന്നാണ്. അത് കൂടാതെ, ‘ ദി കേരള സ്റ്റോറി” എന്ന ചിത്രം ആ കുട്ടി കുടുംബത്തോടെ പോയി കണ്ടിരുന്നു എന്നും അതോടെ കേരള മുസ്ലിംകളെക്കുറിച്ച് അവളുടെ ഭീതി ഒന്നുകൂടി വർധിച്ചു എന്നുമാണ്. അവളുടെ ക്ലാസിൽ കർണ്ണാടകയിൽ നിന്നുള്ള മറ്റൊരു ആൺകുട്ടിയും ഇതേ മനോഭാവം പ്രകടിപ്പിച്ചിരുന്നത്രെ!

ഇന്നലെ വീട്ടിലേക്ക് മെസേജയച്ചപ്പോൾ ഹന്ന പങ്കുവെച്ച ഈയൊരനുഭവം വർത്തമാന ഇന്ത്യയിൽ അപ്രതീക്ഷിതമായി തോന്നിയില്ല എങ്കിലും , അങ്ങനെ ഒറ്റപ്പെട്ടതാക്കി വിസ്മരിക്കേണ്ടതല്ല എന്ന് തോന്നി. നമ്മൾ എത്ര നിസ്സാരമായി തള്ളിയാലും, മുസ്ലിംങ്ങളോട് അന്യതാ ബോധം നിലനിൽക്കുന്ന ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ, ഇസ്ലാമോഫോബിയ വളർത്തുന്നതിൽ കേരള സ്റ്റോറി എന്ന വിഷം നിറച്ച ഒരു ചിത്രത്തിന്റെ പങ്ക് ചെറുതല്ല. മലയാളികളും തമിഴന്മാരും ബംഗാളിയും ഒറ്റക്കെട്ടായി അതിനെ തള്ളിയെങ്കിലും, ഇതര സംസ്ഥാനങ്ങളിൽ അത് ഒഴുക്കിവിട്ട വിഷവാതകം ഒരുപാട് പേരെ രോഗാതുരർ ആക്കിയിട്ടുണ്ട്.

എന്നാൽ ഈ വേദനിപ്പിക്കുന്ന അനുഭവത്തിനിടയിലും ആശ്വാസമായ മറുപുറം മലയാളിയെന്ന നിലയിൽ ഏറെ അഭിമാനാർഹമാണ് . മുസ്ലിമായ ഒരു പെൺകുട്ടിയെ മാറ്റിനിർത്താൻ ശ്രമിച്ചപ്പോൾ മുൻപരിചയമില്ലാത്ത ഒരുത്തി ആയിരുന്നിട്ടു കൂടി അൻഫയെ ചേർത്തുപിടിച്ച വൈഷ്ണവിയും ചന്ദനയും മലയാളിയുടെ കറകളഞ്ഞ മതേതരബോധത്തിന്റെയും പരസ്പര്യത്തിന്റെയും മാതൃകയാണ്.

അതിലുപരി, ആ പഞ്ചാബി പെൺകുട്ടി റൂം മാറാനുണ്ടായ സാഹചര്യം ചന്ദന വീട്ടിൽ വിളിച്ച് പറഞ്ഞപ്പോൾ അമ്മ അവളോട് പറഞ്ഞത്, നീയിത് ഹന്നയോട് പറയണ്ട, അവൾക്ക് വിഷമമായി റൂം മാറിപ്പോകും എന്നാണ്. അത് കൊണ്ട്‌ സംഭവമൊക്കെ കഴിഞ്ഞ് ആ പഞ്ചാബി പെൺകുട്ടി കുട്ടി റൂം മാറിപ്പോയതിന് ശേഷമാണത്രെ ഹന്നയോട് അവർ കാര്യങ്ങൾ പറഞ്ഞത്. ഇത്തരം അമ്മമാരും അവർ വളർത്തുന്ന മക്കളും ഉള്ള കേരളത്തിലേക്ക് വർഗ്ഗീയത പരത്താൻ, കലാവിഷ്കാരമെന്ന പേരിൽ ഒരു കോപ്പിലെ ചിത്രവുമായി ഒരുത്തനും വരണ്ട എന്ന സന്ദേശം കൂടി നൽകുന്നുണ്ട് ഈ അനുഭവം.

ഈയൊരനുഭവം കേട്ടുകഴിഞ്ഞപ്പോൾ ഞങ്ങൾ ഹന്നയോട് പറഞ്ഞത് ഇത്രയുമാണ്. നീ ആ പഞ്ചാബി പെൺകുട്ടിയെ മാറ്റി നിർത്തുകയോ അകലം പാലിക്കുകയോ ചെയ്യരുത്. ചെറുപ്പം മുതലേ പകർന്നു കിട്ടിയ മുസ്ലിംകളെക്കുറിച്ചുള്ള തെറ്റായ അറിവും , കേരളസ്റ്റോറി പോലുള്ളവ സത്യമാണെന്ന തെറ്റിദ്ധാരണയുമാണ് അവളെ അങ്ങനെ ആക്കിമാറ്റിയത് . മുസ്ലിംകൾ ഭീകരജീവികളായി മാറ്റി നിർത്തേണ്ടവരല്ല എന്ന് കോളേജ് കഴിഞ്ഞ് പോകും മുമ്പ് അവൾ അനുഭവിച്ചറിയട്ടെ !

ALSO READ- മേപ്പയ്യൂര്‍ കൂനംവള്ളിക്കാവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Summary: Punjabi Brahmin Girl Changed Hostel Room arikulam native shared bad experience in fb