‘അവിടെ ദൈവദൂതനെപ്പോലെ ഒരു അറബി, ”ഇതെന്താ പലവട്ടമായല്ലോ ഇവിടെയിങ്ങനെ കയറി ഇറങ്ങുന്നു, എന്താ പ്രശ്‌നം” എന്ന് ചോദിച്ചു’; പ്രവാസജീവിതത്തിലെ മറക്കാനാവാത്ത ആ ആറുമാസം- ഇരിങ്ങത്ത് സ്വദേശി അബ്ദുള്ള എഴുതുന്നു
1978ല്‍ എന്റെ 19ാം വയസിലാണ് ഒരുനൂറ് പ്രതീക്ഷകളുമായി ഞാന്‍ ഖത്തറിലേക്കെത്തുന്നത്. അന്നത്തെക്കാലത്തെ ഒട്ടുമിക്ക മലയാളി യുവാക്കളെയും പോലെ പുറംനാട്ടില്‍ പോയി എന്തെങ്കിലും ജോലി ചെയ്ത് കുടുംബം നോക്കണണെന്ന ആഗ്രഹത്തോടെയാണ് ഞാനും ഇവിടംവിട്ടത്. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്ന ഒരു നാട്ടുകാരന്‍ വഴിയാണ് വിസ സംഘടിപ്പിച്ചത്. പലതും വിറ്റുപെറുക്കിയാണ് വിസയ്ക്കുള്ള പണം കണ്ടത്തിയത്. ഇന്നത്തെപ്പോലെ രാവിലെ വീട്ടില്‍ നിന്ന് തിരിച്ച് നാലഞ്ച് മണിക്കൂറുകൊണ്ട് ഖത്തറില്‍ എന്ന സ്ഥിതിയായിരുന്നില്ല അന്ന്.
വടകരയില്‍ നിന്ന് അക്ബര്‍ ട്രാവല്‍സ് ബസില്‍ ബോംബേയിലേക്ക് പിടിച്ചു. മൂന്ന് ദിവസം ബോംബെയില്‍ തങ്ങി. അവിടെ നിന്നും കപ്പലിലാണ് ഖത്തറിലേക്ക് പോകുന്നത്. അതും നേരിട്ടല്ല, ദുബൈ, കുവൈറ്റ് എന്നിവിടങ്ങളില്‍ പോയശേഷമാണ് ഖത്തറില്‍ കപ്പലെത്തുക. പത്തുദിവസത്തോളമെടുത്തു കടല്‍യാത്ര. ആദ്യമായി നടത്തുന്ന കപ്പല്‍യാത്ര, അതും ഇത്രയും ദൂരം, ഭയം ഏറെയുണ്ടായിരുന്നെങ്കിലും മുന്നോട്ടേക്ക് പോകാന്‍ ധൈര്യമായത് ഖത്തറിലെ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണ്. യാത്രയ്ക്കിടയില്‍ പലരും ഛര്‍ദ്ദിച്ച് അവശരായി, ഭക്ഷണം കഴിക്കാനും മറ്റും പ്രയാസം തോന്നിയെങ്കിലും ഛര്‍ദ്ദി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് എനിക്കുണ്ടായില്ലയെന്നത് തന്നെ ആശ്വാസം. ഇരിങ്ങത്ത് സ്വദേശികളായ ചായിക്കണ്ടി മൊയ്തീന്‍ (ഇന്ന് ജീവിച്ചിരിപ്പില്ല), കൊയമ്പ്രത്ത് കുഞ്ഞബ്ദുള്ള എന്നിവരും കപ്പല്‍ യാത്രയില്‍ കൂടെയുണ്ടായിരുന്നു, അവരായിരുന്നു എന്റെ ആകെയുള്ള ധൈര്യം. അങ്ങനെ മെയ് 15ന് ഞങ്ങള്‍ സ്വപ്‌നഭൂമിയായ ഖത്തറിന്റെ മണ്ണില്‍ കാലുകുത്തി.
ഖത്തര്‍ സീ പോര്‍ട്ടില്‍ എന്നെ സ്വീകരിക്കാന്‍ സഹോദരന്‍ മൊയ്തീനും അടുത്തചില ബന്ധുക്കളുമുണ്ടായിരുന്നു. സീപോര്‍ട്ടില്‍ നിന്നും നേരെ റൂമില്‍ പോയി. സഹോദരന്‍ ഉള്ളതുകൊണ്ട് റൂം നേരത്തെ ശരിയാക്കിയിരുന്നു.
അക്കാലത്ത് ഖത്തറിലെ 60%ത്തോളം മലയാളികളുടെ റൂമിലും എ.സിയുണ്ടായിരുന്നില്ല. പുതിയ തലമുറ ഇത് വായിക്കുമ്പോള്‍ എങ്ങനെ ഖത്തറില്‍ താമസിച്ചുവെന്ന് അതിശയിക്കുന്നുണ്ടാകും. ഉറങ്ങാന്‍ കിടക്കുംമുമ്പ് റൂമില്‍ ഐസ്ബോക്സ് സൈഡില്‍ ഇട്ടുകൊണ്ട് ഫാന്‍ ഓണ്‍ ചെയ്യും. ആ തണുപ്പിലാണ് ഉറക്കം.
ഗള്‍ഫ് കോണ്ട്രാക്ട് കമ്പനിയിലാണ് ആദ്യം ജോലി. 800 റിയാല്‍ ശമ്പളം, റൂം വാടകയും ഭക്ഷണത്തിനുമായി മാസത്തില്‍ 350 റിയാല്‍ പോകും. ശേഷിക്കുന്ന പണത്തില്‍ നിന്നും വലിയൊരു പങ്ക് നാട്ടിലേക്കയക്കും. അന്നത്തെ നാണയ വിനിമയനിരക്കനുസരിച്ച് ഒരു റിയാലിന് രണ്ട് ഇന്ത്യന്‍ രൂപ മാത്രമേ കിട്ടുകയുള്ളൂ. എന്നാലും കുടുംബത്തെ സംബന്ധിച്ച് അത് വലിയൊരു തുകതന്നെയായിരുന്നു.
ഒരു വര്‍ഷത്തോളം വലിയ പ്രയാസങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയി. അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാമായിരുന്നു. പോരാത്തതിന് നാട്ടുകാരായ ചിലര്‍ ഖത്തറിലുണ്ടായിരുന്നതുകൊണ്ട് പ്രയാസ ഘട്ടങ്ങളില്‍ അവരുടെ സഹായവും കിട്ടി. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇഖാമ പുതുക്കണം. എനിക്ക് വിസ തന്നയാളാണെങ്കില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഒറ്റ ഫോണ്‍കോളിനപ്പുറം ആളെക്കിട്ടുന്ന കാലമായിരുന്നില്ല അതെന്ന് ഓര്‍ക്കണം, സ്‌പോണ്‍സറുടെ പേര് മാത്രമേ അറിയൂ, ആളാരാണെന്നോ എവിടെയാണെന്നോ ഒന്നും അറിയില്ല. വിസ തന്നയാള്‍ക്ക് കത്തയച്ച് കാര്യം പറഞ്ഞെങ്കിലും അയാളില്‍ നിന്ന് സഹായകരമാകുന്ന തരത്തിലുള്ള പ്രതികരമുണ്ടായില്ല.
ആറുമാസത്തോളം ഇഖാമയില്ലാതെ നില്‍ക്കേണ്ടിവന്നു. നിയമവിരുദ്ധമായാണ് നില്‍ക്കുന്നതെന്ന് അറിയാം, പിടിക്കപ്പെട്ടാല്‍ പിന്നെ ജയിലിലായിരിക്കുമെന്നും. എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം എന്ന ഭയത്തോടെ നേരാംവണ്ണം സമാധാനത്തോടെ ഉറങ്ങാന്‍ പോലുമാവാതെ കഴിഞ്ഞപോയ നാളുകള്‍. ഇടയ്ക്കിടെ പാസ്‌പോര്‍ട്ട് ഓഫീസില്‍ സഹായം തേടി കയറി ഇറങ്ങുമായിരുന്നു. അവിടെ ദൈവദൂതനെപ്പോലെ ഒരു അറബി, ഇതെന്താ പലവട്ടമായല്ലോ ഇവിടെയിങ്ങനെ കയറി ഇറങ്ങുന്നു, എന്താ പ്രശ്‌നമെന്ന് അന്വേഷിച്ചു. അറിയാവുന്ന ഇംഗ്ലീഷില്‍ കാര്യം പറഞ്ഞു. സ്‌പോണ്‍സറെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു. ‘സഹായിക്കാം’ എന്ന അദ്ദേഹത്തിന്റെ ഉറപ്പ് വലിയ ആശ്വാസമായിരുന്നു. പത്തുദിവസത്തിനുള്ളില്‍ അദ്ദേഹം ആളെ കണ്ടെത്തി. ഇഖാമ പുതുക്കി, സ്‌പോണ്‍സറില്‍ നിന്നും റിലീസ് വാങ്ങി, മറ്റൊരിടത്തേക്ക് ചേക്കാറാനും തീരുമാനിച്ചു.
സ്‌പോണ്‍സറെ കണ്ടെത്തി ജോലി നിലനിര്‍ത്താമെന്ന പ്രത്യാശ ഏറെക്കുറെ നഷ്ടപ്പെട്ട സമയത്താണ് എന്നെ ഇടയ്ക്ക് കണ്ടുപരിചയം മാത്രമുള്ള ആ അറബി സഹായത്തിനെത്തിയത്. ഇല്ലായിരുന്നെങ്കില്‍… എന്ന് ആലോചിച്ചുനോക്കാനേ ഭയമാണ്. ദേശം, ഭാഷ അങ്ങനെ വ്യത്യാസങ്ങള്‍ പലതുണ്ടാവാം, അതൊന്നും എന്നോട് മനുഷ്യത്വം കാണിക്കാന്‍ അയാള്‍ക്ക് തടസമായില്ല. ഇന്നും ഖത്തര്‍ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആ മനുഷ്യന്റെ മുഖം മനസില്‍ തെളിയാറുണ്ട്.
സ്‌പോണ്‍സറില്‍ നിന്നും റിലീസ് വാങ്ങിയശേഷം 1979 മുതല്‍ ഞാന്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌പോര്‍ട്‌സ് സെക്ഷനിലാണ് ജോലി ചെയ്തത്. ഒരുപാട് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടകാലം. 2023 ഫെബ്രുവരി 25നാണ് ഖത്തറിനോട് വിടപറഞ്ഞത്. ഇന്ന് ലോകത്ത് സാമ്പത്തികമായി ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലാണ് ഖത്തര്‍. വിദേശികള്‍ക്ക് ജോലി ചെയ്യാനും താമസിക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലം ഖത്തര്‍ തന്നെയാണ്.
അബ്ദുള്ള: ഇരിങ്ങത്ത് പാക്കനാര്‍ പുരം പുത്തന്‍പുരയില്‍ അബ്ദുള്ള. ഇപ്പോള്‍ ചിങ്ങപുരം സി.കെ.ജി കോളേജിന് സമീപം നജ ഹൗസില്‍ താമസിക്കുന്നു. പ്രീഡിഗ്രി പൂര്‍ത്തിയാക്കിയശേഷം 19ാം വയസിലാണ് പ്രവാസജീവിതം തുടങ്ങുന്നത്. 1978 മുതല്‍ 2023 വരെ പ്രവാസ ജീവിതം നയിച്ചു. ഖത്തര്‍ കോണ്ട്രാക്ട് കമ്പനിയിലും പിന്നീട് ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്തു. ഇപ്പോള്‍ നാട്ടില്‍ വിശ്രമജീവിതം നയിക്കുന്നു.