ഇരിങ്ങല്‍ പാറയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഊരാളുങ്കല്‍ സൊസൈറ്റി ഒരു കരകൗശല ഗ്രാമം പണിത കഥ- സര്‍ഗാലയയുടെ ചരിത്രത്തിലൂടെ


ജിന്‍സി ബാലകൃഷ്ണന്‍

ഇരിങ്ങല്‍: വടകരയ്ക്ക് അടുത്തുള്ള ഇരിങ്ങല്‍ എന്ന ഗ്രാമത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായിരുന്നു മാനംമുട്ടെയെന്നോണം ഉയര്‍ന്നുനിന്നിരുന്ന ഇരിങ്ങല്‍ പാറ. ചരിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാര്‍ ശത്രു രാജ്യങ്ങളുടെ കപ്പലുകള്‍ നിരീക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഉയര്‍ന്ന സ്ഥലമായും ഇരിങ്ങല്‍ പാറ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. മലബാറിലെ പഴയകാല വീടുകളില്‍ മിക്കതിന്റെ അടിത്തറയ്ക്ക് ഇരിങ്ങല്‍ പാറയുടെ ബലമാണ്. ഇവിടെ നിന്നും പാറ പൊട്ടിച്ച് ലോറിയില്‍ കയറ്റിക്കൊണ്ടുപോകുന്നത് പതിവ് കാഴ്ചയായിരുന്നു, അതും യന്ത്രങ്ങളുടെ സഹായമില്ലാതെ തന്നെ. പ്രദേശത്തുകാരില്‍ ബഹുഭൂരിപക്ഷവും ജോലി ചെയ്തിരുന്നതും ഇവിടെ തന്നെ. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം പാറപൊട്ടിക്കുന്നതിന് നിയന്ത്രണം വന്നു, ജില്ലാ കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി പണി നിര്‍ത്തിവെപ്പിച്ചു. അതോടെ പകുതിയിലേറെ പൊട്ടിത്തീര്‍ന്ന ഇരിങ്ങല്‍പ്പാറയും അതിനുചുറ്റും പത്തും ഇരുപതും മീറ്റര്‍ ആഴമുള്ള പാറക്കുളവും അവശേഷിച്ചു. ഏറെ അപകടസാധ്യതയുള്ള ഇടമായിമാറി ഇവിടം.

കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന, ഇന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ ഒഞ്ചിയം സ്വദേശി രവി, ടൂറിസം സെക്രട്ടറിയായിരുന്ന ഇന്നത്തെ ചീഫ് സെക്രട്ടറി വേണു, ടൂറിസം ഡയറക്ടര്‍ ശിവശങ്കരന്‍ ഇവരുടെയെല്ലാം കൂട്ടായ ആലോചനയുടെ ഭാഗമായാണ് ഇവിടെയൊരു കരകൗശല ഗ്രാമം എന്ന ആശയം രൂപപ്പെടുന്നത്. കരകൗശല ഗ്രാമം നിര്‍മ്മിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ആര്‍.കെ.രമേശന്‍ ആയിരുന്നു ആര്‍ക്കിടെക്ട്. 15 കോടി ചെലവില്‍ കരകൗശല ഗ്രാമത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.

കരകൗശല ഗ്രാമത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഇത് എങ്ങനെ നടത്തിക്കൊണ്ടുപോകും എന്ന ചര്‍ച്ചയായി. ഇതിനായി ഗ്ലോബല്‍ ടെണ്ടര്‍ ക്ഷണിച്ചെങ്കിലും ആദ്യ രണ്ട് ടെണ്ടറുകളില്‍ ആരും പങ്കെടുത്തില്ല. മൂന്നാമത്തെ ടെണ്ടറില്‍ ഊരാളുങ്കല്‍ സൊസൈറ്റി പങ്കെടുക്കുകയും കരകൗശല ഗ്രാമത്തിന്റെ നടത്തിപ്പ് ചുമതല പത്തുവര്‍ഷത്തേക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് ലഭിക്കുകയും ചെയ്തു.

2011 ഫെബ്രുവരി 19ന് കോടിയേരി ബാലകൃഷ്ണനാണ് സര്‍ഗാലയ കരകൗശല ഗ്രാമം ഉദ്ഘാടനം ചെയ്തത്. വിനോദസഞ്ചാരമേഖലയെ കരകൗശല മേഖലയുമായി ബന്ധിപ്പിച്ചുകൊണ്ട് ഇരുരംഗത്തെയും വികസനം ലക്ഷ്യമിട്ടായിരുന്നു കരകൗശല ഗ്രാമത്തിന്റെ പ്രവര്‍ത്തനം ആസൂത്രണം ചെയ്തത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ കരകൗശല രംഗത്തെ ഇന്ത്യയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറാന്‍ സര്‍ഗാലയയ്ക്ക് കഴിഞ്ഞു.

സര്‍ഗാലയ കരകൗശല ഗ്രാമത്തെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക, അന്താരാഷ്ട്ര തലത്തില്‍ വളര്‍ത്തുകയെന്ന ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് തുടക്കമിട്ടത്. ലോകത്തിന്റെ പലഭാഗത്തുനിന്നുമിള്ള കരകൗശല വിദഗ്ധരുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വേദിയായും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്ട് ഈ മേള മാറി. മേളയില്ലാത്തപ്പോഴും ഇന്ത്യയ്ക്കകത്തെ നൂറോളം കരകൗശല വിദഗ്ധരുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനും പ്രദർശിപ്പിക്കാനുമുള്ള ഇടമായി സര്‍ഗാലയ വളര്‍ന്നിട്ടുണ്ട്. 27 ഹട്ടുകളിലായി 64ഓളം ക്രാഫ്റ്റുകളാണ് ഇവിടെ സ്ഥിരമായുള്ളത്. വര്‍ഷാവര്‍ഷം പുതിയ പുതിയ ക്രാഫ്റ്റുകള്‍ കൂട്ടിച്ചേര്‍ക്കുകയും അനുയോജ്യമല്ലെന്ന് തോന്നുന്നതിനെ ഒഴിവാക്കുകയും ചെയ്യാറുണ്ട്. സര്‍ഗാലയ പ്രവര്‍ത്തിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ കുറ്റ്യാടി പുഴയിലെ വിനോദസഞ്ചാര സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തി ബോട്ടിങ് സൗകര്യവും കൊണ്ടുവന്നു.

160ഓളം ജീവനക്കാര്‍ ഇന്ന് സര്‍ഗാലയയ്ക്ക് കീഴിലുണ്ട്. അതില്‍ സ്‌പെഷലിസ്റ്റ് രംഗത്തൊഴികെയുള്ള ഇടങ്ങളില്‍ പ്രദേശവാസികള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. അതില്‍ വലിയൊരു വിഭാഗം സ്ത്രീകളാണ്. കരകൗശല മേള പോലുള്ള പരിപാടികള്‍ നടക്കുമ്പോള്‍ താല്‍ക്കാലികമായി ആളുകളെ നിയമിക്കും. അതിലും മുന്‍ഗണന പ്രദേശവാസികള്‍ക്കാണ്.

സര്‍ഗാലയ പ്രവര്‍ത്തിച്ച് തുടങ്ങിയ ആദ്യ വര്‍ഷം ഓണത്തോട് അനുബന്ധിച്ചാണ് കരകൗശല മേള സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ മഴയും മറ്റും ബുദ്ധിമുട്ട് സൃഷ്ടിച്ചത് കണക്കിലെടുത്ത് പിറ്റേവര്‍ഷം മുതല്‍ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ മേള നടത്താന്‍ തുടങ്ങി. കോവിഡ് കാരണം രണ്ടുവര്‍ഷം മേള നടന്നില്ലെന്നത് ഒഴിച്ചാല്‍ മറ്റെല്ലാ വര്‍ഷവും വിജയകരമായി അന്താരാഷ്ട്ര കരകൗശല മേള സംഘടിപ്പിച്ചിട്ടുണ്ട്. മേളയ്ക്ക് എത്തുന്ന വിദേശികള്‍ അടക്കമുള്ള കരകൗശല വിദഗ്ധര്‍ക്ക് ഭക്ഷണ, താമസ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കാറുണ്ട്. വിദേശികള്‍ക്ക് ആഭ്യന്തര യാത്രയും ചെലവും സര്‍ഗാലയ വഹിക്കുന്നുണ്ട്.

ഇക്കാലത്തിനിടയില്‍ ടൂറിസം രംഗത്ത് നിരവധി അംഗീകാരങ്ങളും സര്‍ഗാലയയെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രത്തിനുള്ള പുരസ്‌കാരം, കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രത്തിലുള്ള പുരസ്‌കാരം, സൗത്ത് ഏഷ്യയിലെ ട്രാവല്‍ അവാര്‍ഡ് എന്നിവയ്ക്ക് പുറമേ അടുത്തിടെ ലോകത്തിലെ നൂറ് ഡ്രീം ഡസ്റ്റിനേഷന്‍ ഇടങ്ങളിലും സര്‍ഗാലയ്ക്ക് സ്ഥാനം ലഭിച്ചു. ഇന്ത്യയില്‍ നിന്നും സര്‍ഗാലയയ്ക്ക് പുറമേ ഈ ലിസ്റ്റില്‍ മഹാബലിപുരം മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

പത്തുവര്‍ഷത്തെ കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിയ്ക്ക് 25 വര്‍ഷം കൂടി സര്‍ഗാലയയുടെ നടത്തിപ്പ് ചുമതല ഏറ്റെടുക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ സര്‍ഗാലയയില്‍ കൂടുതല്‍ വികസനങ്ങള്‍ നടത്താനുള്ള മാസ്റ്റര്‍ പ്ലാന്‍ ഒരുങ്ങിക്കഴിഞ്ഞു. മേള കഴിഞ്ഞാലുടന്‍ അതിന്റെ പ്രവൃത്തികള്‍ തുടങ്ങും. പുതിയ വികസന പദ്ധതികളില്‍ ആദ്യത്തേത് മേളയുടെ ഭാഗമായി നടപ്പിലാക്കി കഴിഞ്ഞു. ഇത്തവണ ഒരുക്കിയ എക്‌സിബിഷന്‍ ടെന്റാണിത്. ഈ ടെന്റുകള്‍ മേളയ്ക്കുശേഷവും ഇവിടെ നിലനിര്‍ത്തും. സ്വകാര്യ പരിപാടികളടക്കം ഇവിടെ നടത്താന്‍ അവസരം നല്‍കും.