കോഴിക്കോട് ഓഫീസേഴ്‌സ് ക്ലബ്ബില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; ഉള്ള്യേരി സ്വദേശിക്കായി അന്വേഷണം
കോഴിക്കോട്: കോഴിക്കോട് ഓഫീസേഴ്‌സ് ക്ലബ്ബില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഉള്ള്യേരി സ്വദേശിക്കായി അന്വേഷണം പുരോഗമിക്കുന്നു. ഉള്ള്യേരി സ്വദേശി സുധീന്ദ്രനെതിരെയാണ് ക്ലബ്ബ് അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് ലക്ക് കെട്ട ഇയാള്‍ ക്ലബ്ബിലെത്തിയ രണ്ട് അംഗങ്ങള്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവര്‍ക്ക് നേരെ ഇയാള്‍ അശ്ശീല ചുവയോടുകൂടി പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്.അലക്ഷ്യമായി തോക്ക് നിലത്തിടുകയും ചെയ്തു. ഫ്രണ്ട് ഓഫീസില്‍ വെച്ച് ഇയാള്‍ പ്രശ്‌നമുണ്ടാക്കുകയും പിന്നീട് മുകളിലത്തെ നിലയില്‍ ബാറില്‍ എത്തി രണ്ട് അംഗങ്ങള്‍ക്ക് നേരെ അരയില്‍ നിന്നും പിസ്റ്റള്‍ എടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ക്ലബ്ബിലെ മറ്റ് അംഗങ്ങള്‍ എത്തി ബലം പ്രയോഗിച്ചാണ് ഇയാളെ ഇവിടെ നിന്നും മാറ്റിയത്. പോലീസ് സംഭവ സ്ഥലത്തേയ്ക്ക് എത്തിയപ്പോഴേയ്ക്കും ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ ക്ലബ്ബ് അധികൃതര്‍ വേണ്ട നടപടിയെടുത്തില്ലെന്നാണ് ആരോപണം. ക്ലബ്ബ് അംഗങ്ങള്‍ നല്‍കിയ പരാതിയില്‍ നിലവില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.