സ്കൂൾ തുറക്കുന്നതിന് മുന്നേ വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാം; കൊയിലാണ്ടിയിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധന മെയ് 22, 29 തിയ്യതികളിൽ
കൊയിലാണ്ടി: സ്‌കൂൾ കുട്ടികളുടെ സുരക്ഷയും സുഗമമായ യാത്ര സൗകര്യവും മുൻ നിർത്തി 2024-25 അധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് മുൻപായി കൊയിലാണ്ടി താലൂക്കിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന 2 ദിവസങ്ങളിലായി നടക്കുന്നതായിരിക്കുമെന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. വാഹന പരിശോധന മെയ് 22 ന് പയ്യോളി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലും 29 ന് ചെങ്ങോട്ടുകാവ് മേല്പാലത്തിന്റെ സമീപത്തും വച്ച് നടത്തും.
വാഹന പരിശോധനയ്ക്ക് വരുന്ന വാഹനങ്ങൾ താഴെ കൊടുത്തിട്ടുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഓൺലൈനിൽ വാഹനത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തി, അസ്സൽ രേഖകൾ സഹിതം വേണം ഹാജരാകുവാൻ.
ഫിറ്റ്നസ് കാലാവധി തീർന്ന വാഹനങ്ങൾക്ക് അന്നേ ദിവസം വാഹനം പരിശോധിച്ച് ഫിറ്റ്നസ് നൽകുന്നതായിരിക്കും. ഫിറ്റ്നസ് കാലാവധിയുള്ള വാഹനങ്ങളും വാഹന പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക സ്റ്റിക്കർ പതിക്കുന്നതായിരിക്കും . സ്റ്റിക്കർ പതിക്കാതെ സർവീസ് നടത്തുന്ന സ്കൂൾ വാഹനങ്ങൾക്കെതിരെ സ്വീകരിക്കുന്നതായിരിക്കുമെന്നും ഓഫീസർ അറിയിച്ചു.