ലഹരി ഉപയോഗിക്കാന്‍ ചെറുപ്പക്കാര്‍ തമ്പടിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന; പേരാമ്പ്രയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനിടയില്‍ ആറ് യുവാക്കള്‍ പിടിയില്‍
പേരാമ്പ്ര: കഞ്ചാവ് ഉപയോഗിക്കുന്നതിനിടയിൽ ആറ് യുവാക്കളെ പേരാമ്പ്ര പോലീസ് പിടികൂടി. തിരുവള്ളൂർ സ്വദേശികളായ നാറാണത്ത് അർഷാദ്, തെക്കേകണ്ണമ്പള്ളി യാക്കൂബ്, ചെറുകുനിയിൽ മുനീർ, കൈതക്കൽ നൊച്ചാട് നെല്ലുവേലി വീട്ടിൽ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി യൂസഫ്, വെള്ളിയൂർ കൊളപ്പോട്ടിൽ വീട്ടിൽ ശ്രീനാഥ്, വെള്ളിയൂർ വെള്ളരിയിൽ വീട്ടിൽ അജിൽ ജെ മനോജ് എന്നിവരാണ് പിടിയിലായത്.
പേരാമ്പ്ര ഡിവെെഎസ്പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലും ലഹരി ഉപയോഗിക്കാൻ ചെറുപ്പക്കാർ തമ്പടിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചും ഡിവെെഎസ്പി സ്ക്വാഡ് നടത്തിയ തിരച്ചിലിലാണ് യുവാക്കൾ പിടിയിലാകുന്നത്. ഇവരിൽ നിന്നും ലഹരി ഉപയോഗിക്കുന്ന പേപ്പറുകളും പൈപ്പുകളും പോലീസ് കണ്ടെടുത്തു. ഇവർക്കെതിരെ പേരാമ്പ്ര സ്റ്റേഷനിൽ മാത്രം നാല് കേസുകൾ രജിസ്റ്റർ ചെയ്തു.
പിടിക്കപ്പെട്ട യുവാക്കളിൽ ചിലർ മുമ്പും സമാനമായ കേസുകളിൽ പിടിക്കപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ജില്ലയിൽ ഈ വർഷം മാത്രം ലഹരി ഉപയോഗിച്ച് അഞ്ചിലധികം യുവാക്കൾ മരണപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ അർവിന്ദ് സുകുമാറിൻ്റെ നിർദ്ദേശപ്രകാരം പോലീസ് നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ലഹരി വസ്തുക്കളുടെ വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ റെയ്ഡും മറ്റ് ശക്തമായ നടപടികളും സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവെെഎസ്പി അറിയിച്ചു.