വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ല; പൊലീസിനോട് മനുഷ്യാവകാശ കമ്മിഷന്‍, ഉത്തരവ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍


കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ വാഹന പരിശോധനയില്‍ പൊലീസിന് നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മിഷന്‍. അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്ന തരത്തില്‍ വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കോഴിക്കോട് റൂറല്‍ എസ്പിയ്ക്കാണ് കമ്മിഷന്‍ അംഗം കെ.ബൈജുനാഥ് നിര്‍ദേശം നല്‍കിയത്.

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പരിനാറാം വാര്‍ഡ് അംഗം സാലിം പുനത്തില്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ നടപടി. അഴിയൂര്‍ ദേശീയപാതയിലെ അടിപ്പാലത്തിന് ഉള്ളില്‍ ചോമ്പാല പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കെതിരെയായിരുന്നു പരാതി.

അപകടകരമായ രീതിയില്‍ നടത്തുന്ന പരിശോധന തടയണമെന്ന് ആവശ്യപ്പെട്ട് സാലിം പുനത്തില്‍ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടു മാസത്തിന് ശേഷം പൊലീസ് വീണ്ടും പരിശോധന തുടര്‍ന്നു. പിന്നാലെയാണ് പരാതിക്കാരന്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു.