വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ കയ്യാമം വച്ച സംഭവം: കൊയിലാണ്ടി എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍


Advertisement

കൊയിലാണ്ടി: എം.എസ്.എഫ് പ്രവര്‍ത്തകരെ കയ്യാമം വച്ച സംഭവത്തില്‍ കൊയിലാണ്ടി എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്റെ ഉത്തരവ്. കൊയിലാണ്ടി എസ്.ഐ അനീഷിനെതിരെയാണ് അന്വേഷണം. മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥാണ് ഉത്തരവിട്ടത്.

Advertisement

ജൂണ്‍ 25 നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന് ആസ്പദമായ സംഭവം നടന്നത്. മലബാറിലെ പ്ലസ് വണ്‍ സീറ്റ് കുറവിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത എം.എസ്.എഫ് പ്രവര്‍ത്തകരെയാണ് പൊലീസ് കൈവിലങ്ങ് വച്ചത്. എം.എസ്.എഫ് ക്യാമ്പസ് വിങ് ജില്ലാ കണ്‍വീനര്‍ അഫ്രിന്‍, മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെ കൈവിലങ്ങ് ധരിപ്പിച്ച് പൊതുജനങ്ങള്‍ക്കിടയിലൂടെ നടത്തി അപമാനിച്ചു എന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ മുന്നിലെത്തിയ പരാതി.

Advertisement

അതേസമയം വിലങ്ങണിയിച്ചത് മുന്‍കരുതലിനായാണ് എന്നാണ് കൊയിലാണ്ടി പൊലീസ് അന്ന് പറഞ്ഞത്. കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് എം.എസ്.എഫ് പ്രവര്‍ത്തകരെ വിലങ്ങ് വച്ചത്. ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കയ്യാമം വച്ചതെന്നും പൊലീസ് വിശദീകരിച്ചിരുന്നു.

Advertisement

പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് പൊലീസിനും സര്‍ക്കാറിനുമെതിരെ ഉന്നയിച്ചത്. എം.എസ്.എഫ് പ്രവര്‍ത്തകരെ വിലങ്ങണിയിച്ചതിലൂടെ കൊയിലാണ്ടിയില്‍ നടന്നത് ജനാധിപത്യ കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട വിഷയമാണെന്നാണ് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ അന്ന് പറഞ്ഞത്. പിണറായി വിജയന്റെ പൊലീസ് കൂലിപ്പട്ടാളമായി മാറിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.