നടന്ന് പോകുമ്പോള്‍ മരം കടപുഴകി വീണു, രക്ഷപ്പെട്ടത് ഞൊടിയിടയില്‍ ഓടിമാറിയതിനാല്‍; വയനാട് പുല്‍പ്പള്ളിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ കാണാം)


പുല്‍പ്പള്ളി, വയനാട്: വലിയ അപകടത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഒരാള്‍. നമ്മുടെ അയല്‍ജില്ലയായ വയനാട്ടിലെ പുല്‍പ്പള്ളിയിലാണ് സംഭവം. കുഞ്ഞുമോന്‍ എന്ന വയോധികനെയാണ് ഭാഗ്യം തുണച്ചത്.

പുല്‍പ്പള്ളി ചെറ്റപ്പാലം നീറന്താനത്ത് കുഞ്ഞുമോന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല താന്‍ രക്ഷപ്പെട്ടുവെന്ന്. ചെറ്റപ്പാലം ടൗണിലൂടെ രാവിലെ 10:30 ന് പള്ളിയിലേക്ക് നടക്കുകയായിരുന്നു കുഞ്ഞുമോന്‍.

ചെറ്റപ്പാലത്തെ പാലളവ് കേന്ദ്രത്തിന് സമീപമുണ്ടായിരുന്ന വാകമരച്ചുവട്ടിലെത്തിയപ്പോള്‍ പൊടുന്നനെ മരം കടപുഴകി വീഴുകയായിരുന്നു. മരം വീഴുന്നത് ശ്രദ്ധയില്‍പെട്ട ഉടന്‍ ഞൊടിയിടയില്‍ ഓടി മാറുകയായിരുന്നു.

കുഞ്ഞുമോനെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് മരം വീണത്. മരം വീഴുന്നതിന്റെയും കുഞ്ഞുമോന്‍ രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഭാഗ്യം ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ കുഞ്ഞുമോന്‍.

അപകട ഭീഷണിയായ മരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ഒരു നടപടിയും എടുത്തില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

വീഡിയോ കാണാം: