സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളകുടിശ്ശിക അനുവദിച്ച് നല്‍കുക; ജനുവരി 24 ന് നടത്തുന്ന പൊതുപണി മുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനവുമായി എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല


കൊയിലാണ്ടി: ജനുവരി 24 ന് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പൊതു പണിമുടക്ക് വിജയിപ്പിക്കാന്‍ എച്ച് എസ്.എസ്.ടി. എ കൊയിലാണ്ടി മേഖലാ സമ്മേളനം ആഹ്വാനം ചെയ്തു.

സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കുടിശ്ശികയായി നല്‍കേണ്ട 18% ശമ്പളം അനുവദിക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിച്ച് നല്‍കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പൊതുപണിമുടക്ക് നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

കൊയിലാണ്ടിയില്‍ നടത്തിയ സമ്മേളനം കോഴിക്കോട് ഡി.സി.സി ട്രഷറര്‍ ടി. ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു. എച്ച്. എസ്. എസടി. എ കൊയിലാണ്ടി മേഖലാ പ്രസിഡണ്ട് ഷൈലജ. ഇ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന എച്ച് എസ്.എസ്.ടി. എ സംസ്ഥാന പ്രസിഡണ്ട് പി. രാധാകൃഷ്ണനെ ഉപഹാരം നല്‍കി ആദരിച്ചു.

കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മുരളീധരന്‍ തോറോത്ത്, എച്ച് എസ്.എസ്.ടി. എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി. അനില്‍കുമാര്‍, ജില്ലാ പ്രസിഡണ്ട് പി. മുജീബ് റഹ്‌മാന്‍, പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ എ.പി പ്രബീത്, സിബി ജോസഫ്, ഷിബു കെ.വി, ഫൗസിയ. പി.കെ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു.

മേഖലാ പ്രസിഡണ്ട് പി.കെ. ബിജു ചടങ്ങിന് സ്വാഗതം ആശംസിച്ചു. സി. കെ അനില്‍കുമാര്‍ നന്ദി രേഖപ്പെടുത്തി. മേഖലാ പ്രസിഡണ്ടായി ഇ. ശൈലജയെയും സെക്രട്ടറിയായി പി. കെ.ബിജുവിനെയും ട്രഷററായി പി. കെ.അജയനെയും തിരഞ്ഞെടുത്തു.