സമയോചിത ഇടപെടല്‍ ഒറ്റരാത്രികൊണ്ട് അവസാനിക്കുമായിരുന്ന മൂന്ന് ജീവനുകള്‍ക്ക് രക്ഷകനായി; വടകരയിലെ പോലീസ് ഓഫീസര്‍ക്ക് രാജ് നാരായണ്‍ജി പ്രവാസി ഭാരതി പുരസ്‌ക്കാരം


വടകര: രാത്രിയില്‍ ലഭിച്ച ഒരു പരാതി, സമയോചിതമായ ഇടപെടലില്‍ രണ്ട് കുഞ്ഞുങ്ങളുള്‍പ്പെടെ മൂന്ന് ജീവനുകള്‍ക്ക് രക്ഷയേകാന്‍ സാധിച്ചു. വടകരയിലെ പോലീസ് ഓഫീസര്‍ക്ക് രാജ് നാരായണ്‍ജി പ്രവാസി ഭാരതി പുരസ്‌ക്കാരം. വടകര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഇ ഗണേഷിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര സമര സേനാനിയുമായ രാജ് നാരായണ്‍ജിയുടെ സ്മരണാര്‍ത്ഥം ലോക്ബന്ധു നാരായണ്‍ജി ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

വടകര സ്റ്റേഷനില്‍ ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ ഗണേഷ് നടത്തിയ ഇടപെടലിന്റെ ഫലമായി കൊയിലാണ്ടി മേലൂര്‍ സ്വദേശിയായ അച്ഛന്റെയും രണ്ട് മക്കളുടെയും ജിവന്‍രക്ഷിക്കാന്‍ സാധിച്ചിരുന്നു. ഡിസംബര്‍ 30ന് നടന്ന ഈ സംഭവത്തിന്റെ വാര്‍ത്ത ആദ്യം പുറത്തുവിട്ടത് വടകര ഡോട് ന്യൂസായിരുന്നു.

അമ്മ അച്ഛനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതോടെ രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളില്‍ ഒരാളെ മേലൂരിലെയും മറ്റേയാളെ വടകരയിലെയും ബന്ധുവീടുകളിലായിരുന്നു നിര്‍ത്തിയിരുന്നത്. 30ന് രാത്രി പത്തരയോടെ കുഞ്ഞിനെ സംരക്ഷിച്ചുപോന്നിരുന്ന വടകരയിലെ ബന്ധു കുട്ടിയെ അവരുടെ അച്ഛന്‍ കൂട്ടിക്കൊണ്ടുപോയെന്നും അയാളുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയെന്നും പറഞ്ഞ് വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മേലൂരിലെ ബന്ധുവിനെവിളിച്ച് അന്വേഷിച്ചപ്പോള്‍ അവിടെയുള്ള കുട്ടിയേയും കൂട്ടിക്കൊണ്ടുപോയതായി അറിഞ്ഞതോടെ ഗണേഷിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ പിതാവ് എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമം നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി സൈബര്‍ സെല്ലിന്റെ സഹായം തേടി.

അന്വേഷണത്തില്‍ മൊബൈലിന്റെ ലൊക്കേഷന്‍ മേലൂരില്‍ ആണെന്ന് കണ്ടതോടെ കൊയിലാണ്ടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി 11.30ഓടെ കൊയിലാണ്ടി പൊലീസ് പെട്ടന്നുതന്നെ ഈ വീട്ടിലെത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായിരുന്നു. രണ്ടുകുട്ടികള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനുള്ള പദ്ധതിയിലായിരുന്നു ഇവരുടെ അച്ഛന്‍. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് ചികിത്സയ്ക്കുശേഷം മൂന്ന് ജീവനുകളും രക്ഷിക്കാന്‍ സാധിക്കുകയുമായിരുന്നു.

കോഴിക്കോട് വെച്ച് നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ മേയറില്‍ നിന്നുമാണ് ഗണേഷ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ആസിഫ് അധ്യക്ഷനായിരുന്നു. കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭില, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലില്‍ ഉള്‍പ്പെടെ വാങ്ങിയ വ്യക്തിയാണ് ഇ ഗണേഷ്.